
- നാലാം പാദത്തിൽ 1009 കോടി രൂപയുടെ സംയോജിത അറ്റാദായം
- സ്വർണ വായ്പയിൽ റെക്കോർഡ് വളർച്ച
- 22 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിസിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിൻ്റെ അവസാന പാദത്തിൽ മികച്ച നേട്ടം. സ്വർണ വായ്പ 51850 കോടിയിലെത്തി. മുൻ വർഷത്തെ ഇതേ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 5051 കോടിയുടെ വർധനയുണ്ട്. സംയോജിത അറ്റാദായം 1009 കോടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ലാഭം 3670 കോടിയാണ്.
പലിശ വരുമാനത്തിൽ നാലാം പാദം റെക്കോർഡ് നേട്ടമുണ്ടാക്കി. 2677 കോടിയാണ് Q4 ലെ പലിശ വരുമാനം.
മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ബോർഡ് യോഗത്തിന് ശേഷം അവസാന പാദ ഫലങ്ങൾ കൊച്ചിയിൽ പ്രഖ്യാപിച്ചു. എക്സിക്യുട്ടിവ് ഡയറക്ടറും സിഇഒയുമായ കെആർ ബിജിമോൻ, സിഎഫ്ഒ ഉമ്മൻ കെ മാമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
2023- 24 സാമ്പത്തിക വർഷം 10- 15% വളർച്ച കമ്പനി ലക്ഷ്യം വയ്ക്കുന്നു. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 22 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. കൊളാട്രൽ സെക്യുരിറ്റി ആവശ്യമില്ലാത്ത രണ്ട് പുതിയ ലോൺ ഉല്പന്നങ്ങൾ കമ്പനി പുതുതായി അവതരിപ്പിച്ചു.






