
. ഓഗസ്റ്റ് ഒന്ന് മുതൽ സെപ്തംബർ നാല് വരെ 385 കോടിയാണ് സപ്ലൈകോയുടെ വിറ്റുവരവ്. സബ്സിഡി ഇനങ്ങളുടെ വിറ്റുവരവ് 180 കോടി രൂപയും സബ്സിഡി ഇതര ഇനങ്ങളുടേത് 205 കോടി രൂപയുമാണ്
തിരുവനന്തപുരം: ഓണക്കാലത്ത് 35 കോടി രൂപയുടെ വരുമാനം നേടി കുടുംബശ്രീ സംരംഭകർ. കഴിഞ്ഞ വർഷത്തെ 28 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ വലിയ മുന്നേറ്റമാണ് ഉണ്ടായത്. തൃശൂരിൽ സംസ്ഥാനതല വിപണന മേള, 13 ജില്ലാതല മേളകൾ, ഓരോ സിഡിഎസിലും രണ്ടുവീതം വിപണനമേളകൾ തുടങ്ങിയ വ്യാപകമായ വിപണന പ്രവർത്തനങ്ങളാണ് നടത്തിയത്. ഇവ വഴി മാത്രം 21.08 കോടി രൂപയുടെ വില്പന നടന്നു. കുടുംബശ്രീ പോക്കറ്റ്മാർട്ട് വഴി 5,400 ഗിഫ്റ്റ് ഹാമ്പറുകൾ വിപണിയിലെത്തി. ഇതുവഴി 49 ലക്ഷം രൂപയുടെ വരുമാനമാണ് നേടിയത്. സിഡിഎസുകൾ മുഖേന 92,000 ഗിഫ്റ്റ് ഹാമ്പറുകൾ വിറ്റ് 5.83 കോടി രൂപ സമ്പാദിച്ചു.
രണ്ടിനം പായസം ഉൾപ്പെടെ ഇരുപതിലേറെ വിഭവങ്ങളടങ്ങിയ 1,09,642 ഓണസദ്യ പായ്ക്കുകൾ വിതരണം ചെയ്ത് 2.1 കോടി രൂപ സ്വന്തമാക്കി. ഓണക്കനി, നിറപ്പൊലിമ തുടങ്ങിയ കാർഷിക പദ്ധതികളിലൂടെ വിളവെടുത്ത പച്ചക്കറിയും പൂക്കളും വിപണിയിലെത്തി. 13,879 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ 8,913 ഏക്കറിൽ കൃഷി ചെയ്ത പച്ചക്കറികൾ 4.5 കോടിയുടെ വില്പനയും 4,531ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾ 1,820 ഏക്കറിൽ കൃഷി ചെയ്ത പൂക്കൾ ഒരു കോടിയുടെ വില്പനയും നേടി. സംസ്ഥാനത്തെ സിഡിഎസ് വിപണന മേളകളിൽ 5,000-ത്തിലധികം കുടുംബശ്രീ സംരംഭകർ പങ്കെടുത്തു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 4 വരെ നീണ്ട മേളകളാണ് വരുമാനത്തിന് പിന്നിൽ.
അതേസമയം, ഓണക്കാലത്ത് ബെവറേജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്ലെറ്റുകൾ വഴി 826.38 കോടിയുടെ മദ്യം വിറ്റഴിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 49.56 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. ഉത്രാട ദിവസമാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്, 137.64 കോടി രൂപയുടെ മദ്യം വിറ്റഴിച്ചു. കൊല്ലം കരുനാഗപ്പള്ളി ഔട്ട്ലെറ്റ് 1.46 കോടി രൂപയുടെ വില്പനയോടെ സംസ്ഥാനത്ത് ഒന്നാമതായി. ആശ്രാമം (1.24 കോടി രൂപ), എടപ്പാൾ (1.11 കോടി രൂപ), ചാലക്കുടി (1.07 കോടി രൂപ), ഇരിഞ്ഞാലക്കുട (1.03 കോടി രൂപ), കുണ്ടറ (1 കോടി രൂപ) എന്നിവിടങ്ങളിലും ഉയർന്ന വില്പന നടന്നു.
കൺസ്യൂമർഫെഡിന്റെ ഔട്ട്ലെറ്റുകളിലും മികച്ച വില്പനയാണ് രേഖപ്പെടുത്തിയത്. നാല് ദിവസത്തിനിടെ 55.73 കോടി രൂപയുടെ മദ്യ വില്പന നടന്നു. കഴിഞ്ഞ വർഷത്തേക്കാൾ 8.58 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്. ഉത്രാട ദിവസം മാത്രം 21.65 കോടി രൂപയുടെ മദ്യം വിറ്റഴിക്കപ്പെട്ടു. തൃശൂർ കുന്നംകുളം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ വില്പന രേഖപ്പെടുത്തിയത്. അവിടെ ഉത്രാട ദിവസം മാത്രം 1.007 കോടി രൂപയുടെ മദ്യം വിറ്റു.