
പാലക്കാട്: എസ്.ബി.ഐയിലേക്ക് ബാങ്കുകൾ ലയിച്ചശേഷം കേരളത്തിൽ പൂട്ടിപ്പോയത് 230 ശാഖകൾ. അന്നുണ്ടായതിൽനിന്ന് 60,000 ജീവനക്കാർ കുറഞ്ഞു. 25 ശതമാനം പേർക്ക് സ്ഥിരനിയമനം നഷ്ടപ്പെട്ടു.
സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിൽപോലും കരാർ നിയമനമായതായി എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ (ബി.ഇ.എഫ്.ഐ) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി നാമമാത്ര നിയമനമാണ് നടന്നത്. തുച്ഛവേതനത്തിൽ താൽക്കാലിക കരാർ ജീവനക്കാർക്കും അപ്രന്റിസുകൾക്കും മാത്രമായി നിയമനം. ബാങ്കിലെ ജോലികൾ ഔട്ട്സോഴ്സ് ചെയ്തുതുടങ്ങി. വായ്പാചുമതലപോലും കോർപറേറ്റ് ഭീമന്മാർക്ക് കൈമാറി.
ബാങ്കിന്റെ കീഴിൽ 24 പ്രൈവറ്റ് ലിമിറ്റഡ് സബ്സിഡിയറി കമ്പനികൾ രൂപവത്കരിച്ചു. രാജ്യത്തിന് പുറത്തുള്ളവയും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളാക്കി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.