
മുംബൈ: ചൊവ്വാഴ്ച ഡോളറിന്റെ മൂല്യം യൂറോക്കെതിരെ 2021 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ എത്തി. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ സൃഷ്ടിച്ച ആശങ്കകളാണ് ഡോളറിനെ ദുർബലമാക്കിയത്.
2025ൽ ഇതുവരെ യൂറോയുമായി താരതമ്യം ചെയ്യുമ്പോൾ ഡോളറിന്റെ മൂല്യം 10 ശതമാനം ആണ് ഇടിഞ്ഞത്. 1970 കൾക്ക് ശേഷം ഇത്രയും ചുരുങ്ങിയ കാലയളവിൽ ഡോളർ 10 ശതമാനം ഇടിവ് നേരിടുന്നത് ആദ്യമായാണ്.
യൂറോയുടെ മൂല്യം ഡോളറിനെതിരെ 1.79 ആയാണ് ഉയർന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ യൂറോയുടെ മൂല്യത്തിൽ ഉണ്ടായ വർദ്ധനവ് 13.8 ശതമാനമാണ്. ജാപ്പനീസ് കറൻസിയായ യെൻ ഈ വർഷം ഡോളറിനെതിരെ ഒൻപത് ശതമാനമാണ് ഉയർന്നത്. 2016ന് ശേഷം യെൻ കൈവരിക്കുന്ന ഉയർന്ന നേട്ടം ആണിത്.
അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന രീതിയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീങ്ങുമെന്ന സൂചനയും യൂറോയ്‌ക്കെതിരെ ഡോളറിന്റെ മൂല്യം ഇടിയുന്നതിന് കാരണമായിട്ടുണ്ട്. സെപ്‌റ്റംബറിലോ ഒക്‌ടോബറിലോ പവലിനെ മാറ്റി പുതിയ യുഎസ് ഫെഡ് ചെയര്‍മാനെ നിയമിക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
പവലിനെ രാഷ്‌ട്രീയ പ്രേരിതമായി മാറ്റുകയും പുതിയ പിന്‍ഗാമിയെ പ്രഖ്യാപിക്കുകയും ചെയ്യുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന് അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നു.
യുഎസ് ഫെഡറല്‍ റിസര്‍വിന്റെ സ്വാതന്ത്ര്യവും വിശ്വാസ്യതയും കുറയുന്നതിന് ഇത്തരമൊരു നീക്കം കാരണമാകും. പലിശ നിരക്കുകള്‍ കുത്തനെ കുറയ്‌ക്കാത്തതില്‍ ജെറോം പലവിനെ തുടര്‍ച്ചയായി വിമര്‍ശിക്കുകയാണ് ട്രംപ് ചെയ്യുന്നത്.