
ഡൽഹി: 530 കോടി രൂപയുടെ നിക്ഷേപവുമായി മുൻനിര ഇലക്ട്രിക് വാഹന നിർമാണ കമ്പനികളിലൊന്നുമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ്. റൈറ്റ്സ് ഇഷ്യൂവിലൂടെയാണ് വലിയ നേട്ടത്തിലേക്ക് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിക്ക് എത്താനായത്.
ആമ്പിയർ, ഗ്രീവ്സ് 3 വീലേഴ്സ് എന്നീ ബ്രാൻഡുകൾ ഉൾപ്പെടുന്ന കമ്പനിയിലെ നിലവിലുള്ള ഓഹരി ഉടമകളായ ഗ്രീവ്സ് കോട്ടൺ ലിമിറ്റഡും അബ്ദുൾ ലത്തീഫ് ജമീൽ ഗ്രീൻ മൊബിലിറ്റി സൊല്യൂഷൻസും തങ്ങളുടെ വിഹിതത്തിന് ആനുപാതികമായി ഈ നിക്ഷേപം പൂർണ്ണമായും നടത്തിയിട്ടുണ്ട്. ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ദീർഘകാല വളർച്ചാ തന്ത്രത്തിലും ഇന്ത്യയുടെ ഇ-മൊബിലിറ്റി പരിവർത്തനത്തിൽ കമ്പനിക്കുള്ള പങ്കിലുമുള്ള ഓഹരി ഉടമകളുടെ ഉറച്ച വിശ്വാസമായാണ് ഈ വൻ നിക്ഷേപത്തെ വിലയിരുത്തപ്പെടുന്നത്.
ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹന വിപണിയിൽ കമ്പനി കൈവരിച്ച മികച്ച നേട്ടങ്ങളും മുന്നേറ്റവും വ്യക്തമാക്കുന്നതിനൊപ്പം, ഇന്ത്യയുടെ സുസ്ഥിര യാത്രാ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്നതാണ് ഈ നിക്ഷേപം.
അടുത്ത തലമുറ ഉൽപ്പന്നങ്ങൾ, ബാറ്ററി മാനേജ്മെന്റ് സിസ്റ്റങ്ങൾ, പവർ ട്രെയിനുകൾ, അത്യാധുനിക സാങ്കേതികവിദ്യ വികസനം എന്നിവയിലൂടെ കമ്പനിയുടെ അടുത്ത ഘട്ട വളർച്ച ശക്തിപ്പെടുത്താനാണ് സമാഹരിച്ച മൂലധനം ഉപയോഗിക്കുന്നത്. ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിന്റെ ബാലൻസ് ഷീറ്റിലെ ശക്തവും സ്വാഭാവികവുമായ വളർച്ചയെ പിന്തുണയ്ക്കാനും വ്യക്തമായ ദീർഘകാല സാധ്യതകളുള്ള ബിസിനസ്സുകളിൽ നിക്ഷേപം നടത്താനും സഹായിക്കുന്നതാണ് നിലവിലെ നേട്ടമെന്നാണ് ഈ പുതിയ നിക്ഷേപത്തെക്കുറിച്ച് സംസാരിച്ച ഗ്രീവ്സ് കോട്ടൺ ലിമിറ്റഡ് ചെയർമാൻ കരൺ ഥാപ്പർ പ്രതികരിക്കുന്നത്.
ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയിലെ തുടർച്ചയായ നിക്ഷേപം അതിന്റെ തന്ത്രപരമായ ദിശ, പ്രവർത്തനക്ഷമത, ഇന്ത്യയുടെ ഇ-മൊബിലിറ്റി മേഖലയിലുള്ള പങ്ക് എന്നിവയിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും, നിർമ്മാണ മികവ്, എഞ്ചിനീയറിംഗ് അടിത്തറ, ‘ബിൽഡിംഗ് ഫോർ ഭാരത്’ എന്ന വീക്ഷണം എന്നിവയിലൂടെ വിപണിയെ കവച്ചുവെക്കുന്ന വളർച്ച നിലനിർത്താൻ കമ്പനിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മൂലധനം കമ്പനിയുടെ പോർട്ട്ഫോളിയോ വികസിപ്പിക്കാനും സാങ്കേതിക അടിത്തറ ഉറപ്പിക്കാനും സഹായിക്കും. നിർദ്ദിഷ്ട പബ്ലിക് ഓഫറിനായി സെബിയുടെ സമയപരിധി നീട്ടൽ നിലവിൽ ഉപയോഗിക്കേണ്ടതില്ലെന്ന് ഗ്രീൻ മൊബിലിറ്റി സൊല്യൂഷൻസ് തീരുമാനിച്ചിട്ടുണ്ടെങ്കിലും, വിപണി സാഹചര്യങ്ങളും ആവശ്യമായ അംഗീകാരങ്ങളും പരിഗണിച്ച് അനുയോജ്യമായ സമയത്ത് പബ്ലിക് ലിസ്റ്റിംഗ് നടപ്പിലാക്കും.
ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ശ്രീ വികാസ് സിംഗ്, റൈറ്റ്സ് ഇഷ്യൂ പൂർണ്ണമായും സബ്സ്ക്രൈബ് ചെയ്തതിന് ഓഹരി ഉടമകളോട് ചെയർമാൻ കരൺ ഥാപ്പർ നന്ദി അറിയിച്ചു.
ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വേഗത്തിൽ വളരുന്ന ഈ സാഹചര്യത്തിൽ, ഭാരതത്തിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മികച്ച ഉൽപ്പന്നങ്ങളിലൂടെയും മെച്ചപ്പെട്ട സാങ്കേതികവിദ്യയിലൂടെയും വിശ്വസനീയമായ യാത്രാ പരിഹാരങ്ങൾ നൽകാൻ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, പുതിയ മൂലധനം നവീകരണങ്ങളെ ത്വരിതപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സമയത്താണ് ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിക്ക് ഈ സാമ്പത്തിക പിന്തുണ ലഭിക്കുന്നത്. വിപുലീകൃത ഉൽപ്പന്ന ശേഖരം, വളരുന്ന റീട്ടെയിൽ-സർവീസ് ശൃംഖല, എഞ്ചിനീയറിംഗ്, നിർമ്മാണം, ഉപഭോക്തൃ അനുഭവം എന്നിവയിലെ തുടർച്ചയായ നിക്ഷേപങ്ങൾ എന്നിവയിലൂടെ സ്മാർട്ടും സുസ്ഥിരവുമായ യാത്രാസൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിൽ കമ്പനി മുന്നേറുകയാണ്.






