
മുംബൈ: ലിസ്റ്റിംഗുകളുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഏറ്റവും സജീവമായ ഐപിഒ വിപണികളില്‍ ഒന്നാണ് ഇന്ത്യ. അതേസമയം മൂലധന സമാഹരണത്തിന്റെ കാര്യത്തില്‍ യുഎസിനും ചൈനയ്ക്കും പിന്നിലാണ് രാജ്യത്തെ പ്രാഥമിക വിപണി, ഇവൈ ഗ്ലോബല്‍ ഐപിഒ ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് പറയുന്നു.
2025 ന്റെ ആദ്യ പകുതിയില്‍, ആഗോള ഐപിഒ വരുമാനത്തിന്റെ വെറും 8% മാത്രമാണ് ഇന്ത്യയുടെ സംഭാവന. യുഎസ്് വിഹിതം 28% വും ചൈനയുടേത് 34% വുമാണ്.
നടപ്പ് വര്‍ഷത്തെ ആദ്യപകുതിയില്‍ 108 കമ്പനികളുടെ ഐപിഒയാണ് ഇന്ത്യയില്‍ നടന്നത്. ഇവ 4.6 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. അതേ സമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എണ്ണത്തിലും സമാഹരിച്ച തുകയിലും ഇത് യഥാക്രമം 30 ശതമാനവും 2 ശതമാനവും കുറവ് രേഖപ്പെടുത്തുന്നു.
നിക്ഷേപകരും കമ്പനികളും ജാഗ്രത പാലിക്കുന്നതിന്റെ ലക്ഷണമാണിതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും വ്യാപാര ഉടമ്പടികളിലെ അനിശ്ചിതാവസ്ഥയുമാണ് കാരണങ്ങള്‍. നിരവധി ഹൈ പ്രൊഫൈല്‍ കമ്പനികളാണ് തങ്ങളുടെ ഐപിഒ നടപടികള്‍ വൈകിപ്പിക്കുന്നത്.
അതേസമയം രണ്ടാം പകുതിയില്‍ വിപണി കൂടുതല്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ട് പ്രവചിച്ചു. ടെക്, ഫിന്‍ടെക്ക്, ആരോഗ്യ മേഖലകളിലെ നിരവധി കമ്പനികള്‍ ഇതിനോടകം ഐപിഒ അനുമതി നേടിയിട്ടുണ്ട്.
ഇന്ത്യന്‍ ഐപിഒ വിപണി മറ്റുള്ളവയെ അപേക്ഷിച്ച് വിലയുടെ കാര്യത്തില്‍ ഉയര്‍ന്നതാണ്. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നു. അതേസമയം ഉയര്‍ന്ന വാല്വേഷനെ ന്യായീകരിക്കുന്ന പ്രകടനങ്ങള്‍ നടത്താന്‍ ഇതോടെ കമ്പനികള്‍ നിര്‍ബന്ധിതരാകുകയും സമ്മര്‍ദ്ദം രൂപപ്പെടുകയും ചെയ്യുന്നു.
ആഗോളതലത്തിലും പ്രാഥമിക വിപണികള്‍ കരുതലോടെയാണ് പ്രവര്‍ത്തിക്കുന്നത്. 2021 ലെ കുതിച്ചുചാട്ടത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന ഐപിഒ എണ്ണത്തിന് യുഎസ് സാക്ഷ്യം വഹിച്ചു. 109 എണ്ണം.
അതേസമയം താരതമ്യേന കുറവ് ഫണ്ട് സമാഹരണം മാത്രമാണ് നടന്നത്. ചൈനയില്‍ ഇടപാടുകള്‍ 30 ശതമാനത്തിലധികം വര്‍ധിക്കുകയും വരുമാനം മൂന്നിരട്ടിയാകുകയും ചെയ്തു.
വലിയ ഓഫറുകളും നിക്ഷേപകരുടെ താല്‍പര്യവുമാണ് കാരണം.





