
ബെഗളൂരു: അമേരിക്കന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും സാധിക്കുന്ന ഒരു പുതിയ ഫീച്ചര്‍ ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി അവതരിപ്പിക്കുകയാണ് സിറോദ. അടുത്ത പാദത്തില്‍ പുതിയ സംവിധാനം തുടങ്ങുമെന്ന് കമ്പനി സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായി നിതിന്‍ കാമത്ത് പറഞ്ഞു. യുഎസ് ഓഹരി നിക്ഷേപ മേഖലയിലേക്കുള്ള കമ്പനിയുടെ ആദ്യ പ്രവേശനമാണിത്.
ഗിഫ്റ്റ് സിറ്റി ഫ്രെയിംവര്‍ക്ക് ഉപയോഗിച്ചാണ് പുതിയ ഫീച്ചര്‍. ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റി എന്നതിന്റെ ചുരുക്കപ്പേരാണ് ഗിഫ്റ്റ് സിറ്റി. ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റി (IFSCA) എന്ന റെഗുലേറ്ററി ബോഡിയുടെ മേല്‍നോട്ടത്തില്‍ കമ്പനികള്‍ക്ക് അന്താരാഷ്ട്ര സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ ഇത് അനുവദിക്കുന്നു.ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് ഉള്‍പ്പെടെയുള്ള ആഗോള വിപണികളില്‍ പ്രവേശിക്കുന്നതിന് നിയമപരവും നികുതി-അനുസരണമുള്ളതുമായ ഒരു മാര്‍ഗം ഈ ചട്ടക്കൂട് നല്‍കുന്നു.
പുതിയ ഫീച്ചര്‍ തുടങ്ങുന്നതിനുള്ള നിയന്ത്രാധികാര അനുമതികള്‍ കമ്പനി കരസ്ഥമാക്കിയിട്ടുണ്ടെന്ന് കമ്പനി ചീഫ് ടെക്നോളജി ഓഫീസര്‍ കൈലാഷ് നാഥ് പറഞ്ഞു. ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ബാക്കെന്‍ഡ് സിസ്റ്റങ്ങള്‍ മുതല്‍ ഉപയോക്താക്കള്‍ ഇടപഴകുന്ന ഫ്രണ്ട് എന്‍ഡ് ഇന്റര്‍ഫേസ് വരെയുള്ള മുഴുവന്‍ പ്രക്രിയയും കഴിയുന്നത്ര ലളിതവും സുഗമവുമാക്കും.
സാമ്പത്തിക പ്രകടനം നിറമങ്ങിയ സാഹചര്യത്തിലാണ് കമ്പനി നീക്കം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 15 ശതമാനം കുറഞ്ഞ് ഏകദേശം 8,500 കോടി രൂപയായി. അറ്റാദായമായ 4200 കോടി രൂപ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 40 ശതമാനം വരെ കുറയുമെന്നും കമ്പനി അറിയിച്ചു.






