
ഡൽഹി: ഡാറ്റാ സെന്റർ കമ്പനിയായ യോട്ട ഇൻഫ്രാസ്ട്രക്ചർ അടുത്ത 5-7 വർഷത്തിനുള്ളിൽ ഉത്തർപ്രദേശിൽ ഏകദേശം 39,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. യുപി സർക്കാരുമായി ഒപ്പുവച്ച കരാർ പ്രകാരമാണ് ഹിരാനന്ദാനി ഗ്രൂപ്പ് സ്ഥാപനം നിക്ഷേപം നടത്തുന്നത്.
ഡാറ്റാ സെന്റർ കാമ്പസ് നിർമ്മിക്കുന്നതിനും ഐടി ഉപകരണങ്ങളും മറ്റ് ഹാർഡ്‌വെയറുകളും വാങ്ങുന്നതിനുമാണ് നിക്ഷേപം നടത്തുന്നതെന്ന് യോട്ട ഇൻഫ്രാസ്ട്രക്ചർ സഹസ്ഥാപകനും ചെയർമാനുമായ ദർശൻ ഹിരാനന്ദാനി പറഞ്ഞു. പദ്ധതി പ്രകാരം ആദ്യ കെട്ടിടത്തിന്റെ നിർമ്മാണം ഇതിനകം പൂർത്തിയായതായും. അടുത്ത 12-15 മാസത്തിനുള്ളിൽ മറ്റ് രണ്ട് കെട്ടിടങ്ങൾ കുടി പൂർത്തീകരിക്കുമെന്നും ഹിരാന്ദാനി പറഞ്ഞു.
ഓരോ ഡാറ്റാ സെന്ററിനും 6,500 കോടി രൂപ ചെലവ് വരും. ആറ് ഡാറ്റാ സെന്ററുകൾക്കായാണ് നിർദിഷ്ട നിക്ഷേപം. കൂടാതെ അടുത്തിടെ കമ്പനി ഏകദേശം 1,500 കോടി രൂപ മുതൽമുടക്കിൽ ഗ്രേറ്റർ നോയിഡ ഡാറ്റാ സെന്റർ പാർക്കിൽ യോട്ട ഡി1 എന്ന ഹൈപ്പർസ്‌കെയിൽ ഡാറ്റാ സെന്റർ സ്ഥാപിച്ചു.
20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന യോട്ട ഗ്രേറ്റർ നോയിഡ ഡാറ്റാ സെന്റർ പാർക്ക് മൊത്തം 30,000 റാക്കുകൾ, 4 സമർപ്പിത ഫൈബർ പാതകൾ, 160 മെഗാവാട്ട് ഐടി പവർ കപ്പാസിറ്റി എന്നിവ വാഗ്ദാനം ചെയ്യും.