
ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം ഒക്ടോബര്‍ മാസത്തില്‍ 19 മാസത്തെ താഴ്ചയായ 8.9 ശതമാനത്തിലെത്തി. സെപ്തംബറിലെ 10.7 ശതമാനത്തില്‍ നിന്നാണ് ഒക്ടോബറില്‍ മൊത്തവില സൂചിക പണപ്പെരുപ്പം (ഡബ്ല്യുപിഐ) 8.9 ശതമാനമായി കുറഞ്ഞത്. ഇതോടെ തുടര്‍ച്ചയായ 18 മാസത്തിനുശേഷം മൊത്തവില സൂചിക പണപ്പെരുപ്പം ആദ്യമായി ഒറ്റ അക്കത്തിലെത്തി.
മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ഒരുവര്‍ഷം മുന്‍പാണ് പണപ്പെരുപ്പം ആദ്യമായി 10.74 ശതമാനമായത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് സെപ്തംബര്‍ 2022 ല്‍ 7.41 ശതമാനമായിരുന്നു.
അനുകൂലമായ ബെയ്‌സ് ഇഫക്ടും ഇന്ധനം, നിര്‍മ്മാണ ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയിടിവുമാണ് മൊത്തം പണപ്പെരുപ്പം കുറച്ചത്.മുന്‍ മാസത്തെ 32.61 ശതമാനത്തില്‍ നിന്ന് 23.17 ശതമാനമായി ഇന്ധന വില ചുരുങ്ങുകയായിരുന്നു. മാനുഫാക്‌ചേര്‍ഡ് ഉത്പന്നങ്ങളുടെ വില സെപ്തംബറിലെ 6.34 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 4.42 ശതമാനമായി.
ഇത്തരം ഉത്പന്നങ്ങള്‍ മൊത്ത വില സൂചികയുടെ മൂന്നില്‍ രണ്ട് വരും. അതുകൊണ്ടുതന്നെ ഇവയുടെ വിലക്കുറവ് മൊത്തം സൂചികയില്‍ പ്രതിഫലിക്കുകയായിരുന്നു. ഇന്ധനത്തിന്റെയും ഊര്‍ജത്തിന്റെയും പണപ്പെരുപ്പ കുറവിനൊപ്പം സെപ്തംബറിലേതിന് സമാനമായി ഭക്ഷ്യവില ഒക്ടോബറിലും താഴ്ന്നു.
അനുകൂല ബെയ്‌സ് ഇഫക്ട് കാരണം ഭക്ഷ്യവില 6.48 ശതമാനമായി ചുരുങ്ങുകയായിരുന്നു. സെപ്തംബറിലിത് 8.08 ശതമാനമായിരുന്നു. മൊത്തത്തില്‍, സെപ്തംബറിനെ അപേക്ഷിച്ച് ഡബ്ല്യുപിഐയുടെ ഓള്‍കമോഡിറ്റി സൂചിക 0.3 ശതമാനം കൂടി. തുടര്‍ച്ചയായ നാല് മാസത്തെ ഇടിവിനുശേഷമുള്ള വര്‍ധനവാണിത്. തിങ്കളാഴ്ച വൈകീട്ട് 5.30 നാണ് സര്‍ക്കാര്‍ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പ തോത് പുറത്തുവിടുക.
ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 6.7 ശതമാനമായി കുറയുമെന്നാണ് കണക്കുകൂട്ടുന്നത്. സെപ്തംബറിലിത് 7.4 ശതമാനമായിരുന്നു.






