
ന്യൂഡല്‍ഹി: 2025 ന്റെ ആദ്യ പാദത്തില്‍ ലോക വ്യാപാര നയ അനിശ്ചിതത്വ സൂചിക റെക്കോര്‍ഡ് നിലവാരത്തിലെത്തി. ഇന്‍ഡെക്സ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പലമടങ്ങ് ഉയര്‍ന്നതായി യുഎന്‍ വ്യാപാര വികസന സംഘടന (യുഎന്‍സിടിഎഡി) അറിയിക്കുന്നു.അനിശ്ചിതത്വം ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയും സാമ്പത്തിക വിപണികളെ അസ്വസ്ഥമാക്കുകയും രാജ്യങ്ങള്‍ തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
താഴ്ന്ന വരുമാനമുള്ള സമ്പദ്വ്യവസ്ഥകളും ചെറുകിട സ്ഥാപനങ്ങളുമാണ് കനത്ത ആഘാതം ഏറ്റുവാങ്ങുന്നത്. യുഎസ് നയമാറ്റങ്ങള്‍ക്ക് വിധേയമാകുന്ന 15 രാജ്യങ്ങളില്‍, യുഎന്‍സിടിഎഡിയുടെ മാനുഫാക്ചറിംഗ് ഇന്‍ട്രാ-ഇന്‍ഡസ്ട്രി ട്രേഡ് സൂചിക പ്രകാരം ചൈനയ്ക്ക് പുറകില്‍ രണ്ടാമതാണ് ഇന്ത്യ.
ചൈനയുടെ സമീപകാല വ്യാപാര രീതികള്‍ വൈവിധ്യവല്‍ക്കരണത്തിലധിഷ്ഠിതമാണ്. യുഎസിലേക്കുള്ള കയറ്റുമതി കുറഞ്ഞപ്പോള്‍ മറ്റ് രാഷ്ട്രങ്ങളിലേയ്ക്കുള്ളത് ബീജിംഗ് വര്‍ദ്ധിപ്പിച്ചു. നയംമാറ്റത്തിന്റെ ആഘാതങ്ങള്‍ തടയാന്‍ മറ്റ് രാഷ്ട്രങ്ങള്‍ക്കും സമാനരീതി പിന്തുടരാവുന്നതാണ്.
റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു രാജ്യത്ത് ഉണ്ടാകുന്ന നയപരമായ മാറ്റങ്ങള്‍ ലോകമെമ്പാടും ആഘാതങ്ങള്‍ സൃഷ്ടിക്കുകയും വിതരണക്കാരെയും നിര്‍മ്മാതാക്കളെയും വിപണികളെയും തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി രാഷ്ട്രമായ യുഎസ് തന്നെ ഉദാഹരണം.
അവരുടെ നയങ്ങള്‍ വിതരണ ശൃംഖലകളെ പുനര്‍നിര്‍മ്മിച്ചു. ഇതോടെ ആഗോള വ്യാപാര പ്രവാഹങ്ങള്‍ പരിവര്‍ത്തനത്തിന് വിധേയമായി. താരിഫ് ആഘാതം തടയാന്‍ മറ്റ് രാഷ്ട്രങ്ങള്‍ യുഎസിലേയ്ക്കുള്ള ഷിപ്പ്്മെന്റുകള്‍ നേരത്തെ അയക്കുകയാണ്. 2025 ന്റെ ആദ്യപാദത്തില്‍ യുഎസിലേയ്ക്കുള്ള ഷിപ്പ്മെന്റ് വര്‍ദ്ധന 10 ശതമാനമായി.
നയമാറ്റങ്ങളെക്കുറിച്ചുള്ള മുന്‍കൂര്‍ അറിയിപ്പ്, വ്യക്തവും ഡാറ്റാധിഷ്ഠിതവുമായ വ്യാപാര നടപടികള്‍, പ്രതികാര നടപടികള്‍ ഒഴിവാക്കാന്‍ യുഎന്‍സിടിഎഡി, ലോക വ്യാപാര സംഘടന എന്നിവ വഴിയുള്ള അന്താരാഷ്ട്ര ഏകോപനം, ശക്തമായ വ്യാപാര കരാറുകള്‍, വൈവിധ്യമാര്‍ന്ന കയറ്റുമതി വിപണികള്‍ എന്നിവ വഴി സ്ഥിരത പുനഃസ്ഥാപിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.






