
കൊച്ചി: വൈറ്റിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിക്കുന്ന വെൽകെയർ സൂപ്പർ സ്പെഷ്യലിറ്റി ആശുപ്രതി 30ന് വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വെല്‍കെയര്‍ ഗ്രൂപ്പിന്റെ കീഴിലുള്ള വൈറ്റിലയിലെ വെൽകെയർ ആശുപത്രി രണ്ടേക്കറിലാണ് സ്ഥിതി ചെയ്യുന്നത്. രണ്ട് ബ്ലോക്കുകൾ അടങ്ങിയ കെട്ടിട സമുച്ചയത്തിൽ 350 ബെഡ്ഡുകളിലായാണ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി പ്രവർത്തിക്കുക.
100-ൽ അധികം ഡോക്ടര്‍മാരുടെയും 1,000-ൽ അധികം ജീവനക്കാരുടെയും സേവനം ഇവിടെയുണ്ടാകുമെന്ന് വെല്‍കെയര്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി സിഇഒയും ഡീനുമായ ഡോ.പിഎസ് ജോണ്‍ അറിയിച്ചു. ഒരു ബ്ലോക്ക് കൂടി പൂർത്തിയാക്കുന്നതോടെ കാൻസർ ചികിത്സയ്ക്കുള്ള പ്രത്യേക കേന്ദ്രം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ ഗ്യാസ് സ്കാവഞ്ചിംഗ് സംവിധാനം ഉൾപ്പെടെ ആധുനിക സൗകര്യങ്ങളുള്ള 9 ഓപ്പറേഷൻ തിയറ്ററുകളുണ്ട്. മെഡിക്കൽ, സർജിക്കൽ, കാർഡിയോളജി ആൻഡ് കാർഡിയോ വാസ്കലാർ ആൻഡ് തൊറാസിക് സയൻസസ്, ന്യൂറോ, ട്രാൻപ്ലാന്റ്, പീഡിയാട്രിക്സ്, നിയോനേറ്റോളജി എന്നിവയുൾപ്പെടെ ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിലായി 100 ഐസിയു ബെഡുകളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
ഉദ്ഘാടന ചടങ്ങിൽ വെൽകെയർ, ബോസ്കോ ഗ്രൂപ്പുകളുടെ ചെയർമാൻ പിഎം സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. അഡ്വാൻസ്ഡ് കാർഡിയോളജി, കാർഡിയാക് തൊറാസിക് ആൻഡ് വാസ്കുലർ സയൻസസ് വിഭാഗം മന്ത്രി വീണ ജോർജും, അഡ്വാൻസ്ഡ് ഹെപ്പറ്റോളജി ആൻഡ് ഗ്യാസ്ട്രോ സയൻസസ് വിഭാഗം മന്ത്രി പി രാജീവും, അഡ്വാൻസ്ഡ് ന്യൂറോ ആൻഡ് ട്രോമ സെന്റർ മന്ത്രി വിഎൻ വാസവനും ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും. തോമസ് ജെഫേഴ്സണ്‍ യൂണിവേഴ്സിറ്റിയിലെ ഓങ്കോളജി ക്ലിനിക്കല്‍ പ്രഫസര്‍ ഡോ.എംവി പിള്ള വെല്‍കെയര്‍ ആശുപത്രിയുടെ ഉപദേശകനായി സേവനം ചെയ്യുന്നുണ്ട്.