
മുംബൈ: ജൂണിൽ ഇന്ത്യയുടെ വയർലെസ് ടെലികോം വിപണി 2.45 ദശലക്ഷം വരിക്കാരെ പുതുതായി ചേർത്തതായി റിപ്പോർട്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ ഡാറ്റയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ജൂണില്‍ ഏറ്റവും കൂടുതൽ വയർലെസ് (മൊബൈല്‍ + ഫിക്സഡ് വയര്‍ലെസ് ആക്‌സസ്) വരിക്കാരെ ചേർത്തത് റിലയൻസ് ജിയോ ആണ്. ഭാരതി എയര്‍ടെല്‍ രണ്ടാമത് നില്‍ക്കുന്നു. അതേസമയം വോഡഫോൺ ഐഡിയ (Vi), പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയ്ക്ക് വയർലെസ് വരിക്കാരെ നഷ്‍ടപ്പെട്ടു.
ഇന്ത്യയിലെ ആകെ വയര്‍ലെസ് ടെലികോം വരിക്കാരുടെ എണ്ണം 1.168 ബില്യണില്‍ നിന്ന് 1.170 ബില്യണായി ഉയർന്നു. നഗരമേഖലകളിലാണ് വയര്‍ലെസ് യൂസര്‍മാരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച ദൃശ്യമാകുന്നത്. റിലയന്‍സ് ജിയോയ്ക്കാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വയര്‍ലെസ് വരിക്കാരുള്ളത്.
വയര്‍ലെസ് ബ്രോഡ്‌ബാൻഡ് വിഭാഗത്തിൽ ജിയോ വരിക്കാരുടെ എണ്ണം ആകെ 483.13 ദശലക്ഷമായി ഉയര്‍ന്നു. ജിയോയുടെ 5ജി എഫ്‍ഡബ്ല്യുഎ സേവനമായ ജിയോ എയർഫൈബർ വരിക്കാരുടെ എണ്ണം 7.85 ദശലക്ഷത്തിലെത്തി. മെയ് മാസത്തിലെ 7.40 ദശലക്ഷത്തിൽ നിന്നും പ്രതിമാസം ആറ് ശതമാനം എന്ന നിരക്കിലാണ് ജിയോയുടെ കുതിപ്പ്.
ഭാരതി എയർടെൽ ജിയോയേക്കാൾ കുറച്ച് വരിക്കാരെയാണ് ജൂണില്‍ പുതുതായി ചേര്‍ത്തതെങ്കിലും വയർലെസ് ബ്രോഡ്‌ബാൻഡ് വിഭാഗത്തില്‍ 294.92 ആകെ ദശലക്ഷം ഉപയോക്താക്കളുമായി രണ്ടാം സ്ഥാനത്ത് എയര്‍ടെല്‍ തുടരുന്നു. 2025 ജൂണ്‍ മാസത്തില്‍ ഭാരതി എയർടെൽ 763,482 (0.76 ദശലക്ഷം) വയർലെസ് വരിക്കാരെ പുതിയതായി ചേർത്തപ്പോൾ റിലയൻസ് ജിയോ 1,912,780 (1.91 ദശലക്ഷം) വരിക്കാരെ സ്വന്തമാക്കി.
അതേസമയം, ഇതേ കാലയളവിൽ വോഡഫോൺ ഐഡിയയ്ക്ക് 217,816 വയർലെസ് വരിക്കാരെ നഷ്‍ടമായി. പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്‌എൻഎല്ലിന് 305,766 വയർലെസ് വരിക്കാരെയും എംടിഎൻഎല്ലിന് 152,657 പേരെയും നഷ്‌ടപ്പെട്ടു എന്നതും ശ്രദ്ധേയമാണ്. ബിഎസ്എന്‍എല്ലിന് ആകെ 29.33 ദശലക്ഷം വയര്‍ലെസ് സബ്‌സ്‌ക്രൈബര്‍മാരാണ് നിലവിലുള്ളത്.