
മുംബൈ: വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് ഇന്ത്യയിലെ പാക്കേജ്ഡ് ഫുഡ് ബിസിനസ്സിലേക്കുള്ള ചുവടുവെപ്പ് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കമ്പനി വിപ്രോ കൺസ്യൂമർ കെയർ ബിസിനസിന്റെ ഇന്ത്യ & സാർക്ക് തലവനായ അനിൽ ചുഗിനെ പ്രസ്തുത വിഭാഗത്തിന്റെ തലവനായി നിയമിച്ചു. കൂടാതെ, വിപ്രോ കൺസ്യൂമർ കെയറിന്റെ ഫിലിപ്പീൻസ് സ്ഥാപനത്തിന്റെ തലവനായ നീരജ് ഖത്രിയെ അനിൽ ചുഗിന് പകരക്കാരനായി നിയമിച്ചു. പാക്കേജ്ഡ് ഫുഡ് ബിസിനസ്സിലേക്ക് പ്രവേശിക്കാനുള്ള തങ്ങളുടെ തീരുമാനം വ്യക്തിഗത പരിചരണത്തിൽ നിലവിലുള്ള തങ്ങളുടെ വിഭാഗങ്ങളുടെ കുട്ടിച്ചേർക്കലാകുമെന്നും, അങ്ങനെ ഇന്ത്യയിലെ എഫ്എംസിജി സ്‌പെയ്‌സിൽ സമ്പൂർണ്ണ ഓഫർ സൃഷ്ടിക്കാൻ തങ്ങൾക്കാകുമെന്നും വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് സിഇഒ വിനീത് അഗർവാൾ പറഞ്ഞു.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് 8,634 കോടി രൂപ വരുമാനം രേഖപ്പെടുത്തിയിരുന്നു. പേഴ്‌സണൽ വാഷ് ഉൽപ്പന്നങ്ങൾ, ടോയ്‌ലറ്ററികൾ, ഫേഷ്യൽ കെയർ, വെൽനസ്, ഹോം കെയർ, ഇലക്ട്രിക്കൽ വയർ ഉപകരണങ്ങൾ, ഗാർഹികവും വാണിജ്യപരവുമായ ലൈറ്റിംഗ്, ഇരിപ്പിട പരിഹാരങ്ങൾ എന്നിവയിലാണ് കമ്പനി നിലവിൽ പ്രവർത്തിക്കുന്നത്. സന്തൂർ, പ്രീമിയം പേഴ്‌സണൽ കെയർ ബ്രാൻഡായ യാർഡ്‌ലി, എൻചാൻറൂർ, ഹൈജീനിക്‌സ്, ചന്ദ്രിക, ഗ്ലൂക്കോവിറ്റ, സേഫ്‌വാഷ് എന്നിവയ്‌ക്കൊപ്പം എൽഇഡി ലൈറ്റ് ബ്രാൻഡായ വിപ്രോ ഗാർനെറ്റ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ കമ്പനിക്കുണ്ട്.