
വിയറ്റ്‌നാമീസ് കാര്‍ നിര്‍മാതാക്കളായ വിന്‍ഫാസ്റ്റ് ഇന്ത്യന്‍ വിപണിയിലേക്കുള്ള അവരുടെ ഏറ്റവും പുതിയ മോഡല്‍ വാഹനത്തിന്റെ ടീസര്‍ ചിത്രം പുറത്തുവിട്ടു. വിഎഫ് എംപിവി7 എന്ന പുതു മോഡലിന്റെ ടീസര്‍ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. വിഎഫ് എംപിവി7 വൈകാതെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്ന സൂചന കൂടിയാണ് കമ്പനി നല്‍കുന്നത്.
വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മൂന്നാമത്തെ വാഹനമാണ് 7 സീറ്റര്‍ മോഡലായ വിഎഫ് എംപിവി7.
വിഎഫ്6, വിഎഫ്7 ഇലക്ട്രിക്ക് എസ്‌യുവികളാണ് ഇന്ത്യയില്‍ ഇതുവരെ വിന്‍ഫാസ്റ്റ് പുറത്തിറക്കിയിട്ടുള്ളത്. കൂടുതല്‍ വലിയ എംപിവി കൂടി വരുന്നതോടെ ഇന്ത്യന്‍ വിപണിയിലെ വിന്‍ഫാസ്റ്റ് കാറുകളുടെ വൈവിധ്യം വര്‍ധിക്കുകയും ചെയ്യും.
വിന്‍ഫാസ്റ്റിന്റെ തന്നെ ലിമോ ഗ്രീന്‍ മോഡലിന് സമാനമായ വലിപ്പവും സീറ്റിങ് കപ്പാസിറ്റിയുമുള്ള മോഡലായിരിക്കും ഇത്. ലിമോ ഗ്രീന്‍ വാണിജ്യ വാഹനമായാണ് രൂപകല്‍പന ചെയ്തതെങ്കില്‍ വിഎഫ് എംപിവി7 സാധാരണ ഉപഭോക്താക്കളെയാണ് ലക്ഷ്യമിടുന്നത്. ലെതറെറ്റ് സീറ്റുകള്‍, മുന്നിലും പിന്നിലുമായുള്ള ഇന്റഗ്രേറ്റഡ് ലൈറ്റിങ്, കീലെസ് എന്‍ട്രി, 19 ഇഞ്ചിന്റെ വലിയ വീലുകള്‍ എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകള്‍ വിഎഫ് എംപിവി7ലുണ്ടാവും.
വിന്‍ഫാസ്റ്റിന്റെ ഡിസൈന്‍ ശൈലിയിലാണ് അവരുടെ പുതിയ വിഎഫ് എംപിവി7ഉം എത്തുന്നത്. മെലിഞ്ഞ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും കണക്റ്റഡ് ടെയില്‍ ലൈറ്റുകളും ഇതിലുണ്ടാവും. ഉള്ളിലേക്കു വരുമ്പോള്‍ 10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, ചാര്‍ജിങിന് യുഎസ്ബി-എ, യുഎസ്ബി-സി പോര്‍ട്ടുകള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മികച്ച എര്‍ഗണോമിക്‌സിനായി ക്രമീകരിക്കാവുന്ന സ്റ്റീറിങ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.
ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും 60.1കിലോവാട്ട് ബാറ്ററിയും മുന്നിലെ ഇലക്ട്രിക്ക് മോട്ടോറുമാവും ഈ വാഹനത്തിന്റെ കരുത്തെന്നാണ് കരുതപ്പെടുന്നത്. ഏകദേശം 150ബിഎച്ച്പി കരുത്തും 280 പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന സംവിധാനമാണിത്. വിവിധ ഡ്രൈവ് മോഡുകളും റീജനറേറ്റീവ് ബ്രേക്കിങ് സൗകര്യവുമുണ്ടാവും. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത്തിലേക്കു കുതിക്കാന്‍ പത്തു സെക്കന്‍ഡില്‍ താഴെ സമയം മതി.
നിങ്ങളുടെ ലോകത്തെ കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ വലിയ കാര്‍ എന്ന നിലയിലാണ് ടീസര്‍ ചിത്രത്തെ വിന്‍ഫാസ്റ്റ് വിവരിച്ചിരിക്കുന്നത്. വാഹനത്തിന്റെ വലിപ്പത്തിനും ഉള്ളിലെ സൗകര്യങ്ങള്‍ക്കും വിന്‍ഫാസ്റ്റിന്റെ പുതിയ മോഡല്‍ വലിയ പ്രാധാന്യം നല്‍കുന്നുവെന്ന സൂചന ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്.
വരും ദിവസങ്ങളില്‍ വിഎഫ് എംപിവി7ന്റെ വകഭേദങ്ങളും വിലയും മറ്റു ഫീച്ചറുകളും വിന്‍ഫാസ്റ്റ് തന്നെ പുറത്തുവിടും. കിയ കാരന്‍സ് ക്ലാവിസ് ഇവി, ബിവൈഡി ഇമാക്‌സ് 7, മഹീന്ദ്ര എക്‌സ്ഇവി 9എസ് എന്നിവയുമായിട്ടാവും വിഎഫ് എംപിവി7ന്റെ പ്രധാന മത്സരം. പ്രതീക്ഷിക്കുന്ന വില 20 ലക്ഷം രൂപ.






