
പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത് 2020ൽ ആയിരുന്നു. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ കാലികമായി പരിഷ്ക്കരിക്കുകയായിരുന്നു ഒരു ലക്ഷ്യം. ഭാരതീയ വൈജ്ഞാനിക പാരമ്പര്യത്തെ പിന്തുടരാൻ അത് ശ്രമിക്കുന്നു. ഗ്ലോബൽ എജ്യൂക്കേഷൻ പാറ്റേണിലേക്ക് നമ്മുടെ ശൈലിയെ കൊണ്ടുവരാനും ശ്രമിക്കുന്നു.
ഒന്നും മൂന്നും കാര്യങ്ങൾ പൊതുവെ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു. പക്ഷെ ഭാരതീയ ശൈലിയുടെ മറവിൽ സർക്കാർ ഹിന്ദുത്വ അജണ്ട ഒളിച്ച് കടത്തുന്നു എന്ന വിമർശനം പരക്കെ ഉണ്ടായി. എൻസിഇആർടി പുസ്തകങ്ങളിലെല്ലാം അത് പ്രതിഫലിക്കുകയും ചെയ്യാൻ തുടങ്ങി. എന്നാൽ ഈ പുസ്തകങ്ങൾ ഉള്ളടക്ക ഭാരം കുറച്ച് പ്രായോഗികതയിൽ കേന്ദ്രകരിച്ചു എന്നതും നൈപുണ്യ വികസനത്തിന് പ്രാമുഖ്യം നൽകി എന്നതും ഗുണകരമായ മാറ്റമാണ്.
ചില സംസ്ഥാനങ്ങൾ പോളിസി നടപ്പാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും പാടേ തള്ളിക്കളയാൻ പറ്റാത്ത സാങ്കേതിക സാഹചര്യം ഉണ്ട്.
10+2 ശൈലിയിൽ നിന്ന് 5+3+3+4 ശൈലിയിലേക്കുള്ള മാറ്റത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. 4 വർഷ ബിരുദ പ്രോഗ്രാമുകൾ സർവകലാശാലകൾ ആരംഭിച്ചു കഴിഞ്ഞു. അത് പഴയ ശൈലിയിൽ നിന്നും വലിയ മാറ്റത്തോടെയാണ്. ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകളാണ് ഏറെയും. സ്കിൽ ക്രെഡിറ്റ്, മൾട്ടിപ്പിൾ എൻട്രി, എക്സിറ്റ് എന്നിവ ഇതിൽ ഏറ്റവും ശ്രദ്ധേയമാണ്. ഇൻഡസ്ട്രി എക്സ്പോഷർ & ലിങ്കേജ് പ്രോഗ്രാമുകൾ, എംപ്ലോയബിലിറ്റി ഡവലപ്മെൻ്റ്, അപ് സ്കില്ലിങ്ങ്, മൾട്ടിപ്പിൾ സ്കിൽ ഡവലപ്മെൻ്റ്, എല്ലാ വർഷവുമുള്ള ഇൻ്റേൺഷിപ്പ് തുടങ്ങിയ ഘടകങ്ങൾ പുതിയ ബിരുദ പ്രോഗ്രാമുകളെ ആകർഷകമാക്കുന്നു.
ഡിഗ്രി, പിജി പ്രോഗ്രാമുകൾ പലതും ഇൻ്റഗ്രേറ്റഡ് ആയി. വിദ്യാർത്ഥികൾക്ക് ഡിഗ്രിയും പിജിയും ഒരുമിച്ച് പഠിക്കാം.
ഓട്ടണമസ് കോളേജുകളും ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളും സ്വകാര്യ സർവകലാശാലകളും വ്യാപകമായതോടെ പുതിയ ശൈലി പിന്തുടരുന്നത് കുറെക്കൂടി എളുപ്പമായി. ഏറ്റവും ഫ്യൂച്ചറിസ്റ്റിക് ആയ കോഴ്സ് ഡിസൈനുകൾക്ക് അവർക്ക് സാധ്യത വർധിച്ചു. ഏറ്റവും മികച്ച അധ്യാപകരുടെയും വിദഗ്ധരുടെയും സേവനം എടുക്കാനായി.
യുജിസിയുടെയും സർവകലാശാലകളുടെയും ചട്ടക്കൂട് അങ്ങനെ നിൽക്കുമ്പോഴും സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം കിട്ടി.
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു സവിശേഷ സാഹചര്യമുണ്ട്. പ്ലസ് 2 വിന് ശേഷമുള്ള വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് അനിയന്ത്രിതമായി തുടരുന്നു. പല മികച്ച കോളേജുകളിലും പരമ്പരാഗത ബിരുദ ബിരുദ പ്രോഗ്രാമുകൾക്ക് സീറ്റുകൾ ബാക്കിയാകുന്നു. ഭാവി സാധ്യതകൾ കുറവായ കോഴ്സുകളിൽ ചേരാൻ പഴയതുപോലെ കുട്ടികൾ തയ്യാറല്ല. തൊഴിൽ സാധ്യത മുഖ്യ മാനദണ്ഡം തന്നെയായി. പഠനത്തോടൊപ്പം ജോലി എന്ന രീതിയിലേക്ക് വിദേശ രാജ്യങ്ങളിലേത് പോലെ മാറാൻ സമയമായി.
പുതിയ സമ്പ്രദായത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ ഗുണകരമായ ഒട്ടേറെ കാര്യങ്ങളുണ്ട്. കേരളത്തിൻ്റെ പശ്ചാത്തലത്തിൽ ഏറ്റവും പ്രധാനം ബിരുദ ബിരുദാനന്തര കോഴ്സുകളിലുണ്ടായ മാറ്റമാണ്.
പ്രാഥമിക വിദ്യാഭ്യാസ മേഖല പോലെ നമ്മുടെ ഉന്നത വിദ്യാഭ്യാസം മികവ് കാട്ടിയിരുന്നില്ല. അപൂർവ്വം സ്ഥാപനങ്ങളേ റേറ്റിംഗിൽ മികവ് പുലർത്തിയിരുന്നുള്ളു.
എന്നാൽ ആ സ്ഥിതി മാറുകയാണ്. മത്സരം മുറുകി. സ്ഥാപനങ്ങൾ പലതും മികവിലേക്ക് ഉയരുകയാണ്. എല്ലാ സ്ട്രീമിലും ദേശീയ തലത്തിൽ മത്സരക്ഷമമായ നിലയിലേക്ക് സ്ഥാപനങ്ങൾ വളരുന്നു. കോഴ്സ് ഡിസൈനിലും നടത്തിപ്പിലും അടക്കം
സമീപനത്തിൽ ഉണ്ടായിരിക്കുന്ന മാറ്റമാണ് അതിൽ ഏറ്റവും ശ്രദ്ധേയം.
ഗവേഷണ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് അതിന് പറ്റിയ രീതിയിലാണ് പുതിയ സമ്പ്രദായത്തിൻ്റെ സമീപനം. അക്കാദമിക് മികവുള്ള ഒരു തലമുറയെ അത് സൃഷ്ടിക്കും. എല്ലാ മേഖലകളിലേക്കും കൂടുതൽ മികവുള്ള പ്രൊഫഷണലുകളെ ഫീഡ് ചെയ്യാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കഴിയും.
അധ്യാപകരും നിരന്തരം പുതുക്കേണ്ടി വരും. പഴയ ലക്ചർമാരുടെ റോളിലാകില്ല ഇനി അവർ.
ഗവേഷണ താല്പര്യമുള്ളവരെ സൃഷ്ടിക്കുന്നു
ഡോ. കൊച്ചുറാണി ജോസഫ്

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഇംപാക്ട് കണക്കാക്കാൻ സമയമായിട്ടില്ല. ഉന്നത വിദ്യാഭ്യാസം എന്നത് സന്തുലിതമായ, സമഞ്ജസമായ ഒന്നായിരിക്കണമെന്ന കാഴ്ചപ്പാടാണ് ഈ നയത്തിന് ഉള്ളത്. സ്കൂൾതലത്തിൽ നമുക്ക് ഓപ്ഷനുകളില്ല എല്ലാം പഠിച്ചു, പഠിച്ചു വരുന്നു. ഹയർ എജുക്കേഷനിലേക്ക് വരുമ്പോൾ കുറെ കൂടി ഇന്റഗ്രേറ്റഡ് ആയ ഒരു സമീപനം വേണം എന്ന ചിന്തയിലാണ് ഇത് കിടക്കുന്നത്. വിദ്യാഭ്യാസത്തിന് ഒരു സാർവത്രിക മാനം ഉണ്ടല്ലോ. ലോകത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ നാല് വർഷ പ്രോഗ്രാം ഏറെ ഗുണം ചെയ്യും. ഉദാഹരണമായി ഹർവാർഡ്, ഓക്സ്ഫോർഡ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലേക്ക് ഒക്കെ പോകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അത് വളരെ നല്ലതാണ്. ഒരു വിഷയത്തിലേക്ക് നമുക്ക് ആഴത്തിലിറങ്ങി പഠിക്കാനുള്ള എല്ലാ സാഹചര്യവും ഈ പുതിയ പാറ്റേണിലുണ്ട്. കോർ സബ്ജക്ടിൽ അങ്ങനെ പഠിക്കുന്നതിനോടൊപ്പം നമുക്ക് അഭിരുചിയുള്ള മറ്റു ചില കാര്യങ്ങൾ പഠിക്കാനുള്ള സ്വാതന്ത്ര്യവും അത് നൽകുന്നുണ്ട്. മ്യൂസിക്കോ ഫോട്ടോഗ്രഫിയോ മീഡിയയോ ഏറ്റവും പാഷൻ ഉള്ള മറ്റെന്തെങ്കിലും ചില വിഷയങ്ങൾ കൂടി പഠിക്കാം. അങ്ങനെ സെക്കൻഡ് ഓപ്ഷൻ ആയി കിടന്നത് പലപ്പോഴും പിന്നീട് ഫാസ്റ്റ് പ്രിഫറൻസ് ആയി മാറാൻ സാധ്യത ഉണ്ട്. ഇതിൻ്റെ മറ്റൊരു പ്രത്യേകത ഒരു വർഷം കൂടി ചെലവഴിച്ചാൽ താല്പര്യമുള്ള കുട്ടികൾക്ക് പിജി കൂടി ഇതിനോടൊപ്പം പൂർത്തിയാക്കാൻ കഴിയും എന്നുള്ളതാണ്.

ഈ പുതിയ സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഞാൻ കാണുന്നത് വിദ്യാർഥികളിൽ ഗവേഷണാഭിരുചി വളർത്താനുള്ള സാഹചര്യം ഉണ്ട് എന്നതാണ്.
സ്കൂളിൽ ടീച്ചിംഗ് ആണ് നടക്കുന്നത്. കോളേജിൽ ലേണിങ്ങും. കോളേജ് പ്രൊഫസർ ഒരു ഫെസിലിറ്റേറ്ററുടെ റോളാണ് നിർവഹിക്കുന്നത്. നോട്ട് കൊടുക്കുന്ന അധ്യാപകൻ അല്ല അവിടെ. കുട്ടികളുടെ കൂടെ നിന്ന് അവരെ മെൻറർ ചെയ്ത് ആ വിഷയങ്ങളിൽ നല്ല അവഗാഹം ഉണ്ടാക്കി കൊടുക്കുന്നവനാണ്. തുടർച്ചയായ പ്രൊജക്ടുകളിലൂടെയും അസൈൻമെന്റുകളിലൂടെയും ആണ് അത് നടക്കുന്നത്.
വിഷയത്തിൽ ആഴത്തിൽ പോകാൻ അത് അവരെ സഹായിക്കും. നോട്ട് കൊടുത്ത് കുട്ടികളെ പരിമിതപ്പെടുത്തരുതെന്ന് ഞങ്ങളുടെ ഓറിയന്റേഷൻ സെഷനുകളിൽ പറയാറുണ്ട്.
ഒരു ഗൈഡ് വാങ്ങി അവസാനഘട്ടത്തിൽ പഠിച്ചു പരീക്ഷ എഴുതി ജയിക്കുന്ന പഴയ രീതി ഇനി നടക്കില്ല. ടീച്ചർമാർ നല്ല ഫെസിലിറ്റേറ്റർമാരും മെൻറർമാരുമായി മാറണം. ലക്ചർമാരായി ചുരുങ്ങരുത്. ഒരു സ്കോളറിനൊപ്പം തുടർച്ചയായി നാലുവർഷം കുട്ടികൾ സഞ്ചരിക്കുമ്പോൾ അവരുടെ അക്കാദമിക് മികവ് വർദ്ധിക്കും.
ഇൻ്റേൺഷിപ്പിനുള്ള അവസരം തൊഴിൽ ശേഷി വളർത്താൻ വിദ്യാർത്ഥികളെ സഹായിക്കും.
ഒരു പരിമിതിയായി ഞാൻ കാണുന്നത് പഠനത്തോടൊപ്പം എന്തെങ്കിലും തൊഴിൽ ചെയ്യാനുള്ള സാധ്യത ഈ കരിക്കുലത്തിൽ ഇല്ല എന്നുള്ളതാണ്. ഇത് ഒരേസമയം ഗുണവും ദോഷവും ആണ്. പലപ്പോഴും എളുപ്പത്തിൽ ജോലി കിട്ടിയാൽ കുട്ടികൾ അതിൽ ഒതുങ്ങി പോകുന്ന പതിവുണ്ട്. ഉയർന്ന പഠന അവസരങ്ങൾ അവർ ചിലപ്പോൾ ഒഴിവാക്കിയെന്ന് വരാം. പുതിയ ബിരുദ പ്രോഗ്രാമുകളിൽ മറ്റെന്തെങ്കിലും കാര്യത്തിന് സമയം മാറ്റിവയ്ക്കാനുള്ള സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ പഠനത്തിൽ കൂടുതൽ ഫോക്കസ് ചെയ്ത് പോകേണ്ടിവരും. അങ്ങനെ പോകുന്ന കുട്ടികൾ സ്വാഭാവികമായും ഉന്നത പഠനത്തിനും ഗവേഷണത്തിനും കൂടുതൽ താല്പര്യം കാണിക്കും. നമ്മുടെ രാജ്യത്തിന് ഏറ്റവും ആവശ്യം റിസർച്ച് മൈൻഡ്സെറ്റ് ഉള്ള വിദ്യാർത്ഥികളാണ്. നിരന്തര പുതുക്കലുകൾ ആണല്ലോ ഇപ്പോൾ എല്ലാ മേഖലയിലും ആവശ്യം. അതിന് ഇത്തരം മനോഭാവമുള്ള പ്രൊഫഷനലുകൾ വേണം. അവരെ ഒരുക്കി എടുക്കുന്നതിൽ ഈ പുതിയ സമീപനം ഗുണം ചെയ്യും.
(പ്രമുഖ ഇക്കണോമിസ്റ്റ്. തൃക്കാക്കര ഭാരതമാത കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവിയായിരുന്നു. കോളമിസ്റ്റും പ്രഭാഷകയുമാണ്)
ക്വാളിറ്റിയിൽ സംഭവിച്ചത് വലിയ വീഴ്ച
ഡോ: പി. എ. മാത്യു
[ഫൗണ്ടർ & ചെയർമാൻ, ഗ്രേസ് ഇന്റർനാഷണൽ അക്കാദമി]

2020-ൽ പ്രാബല്യത്തിൽ വന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കിയത് ഏറെ വൈകിയും അതേസമയം വേണ്ടത്ര തയ്യാറെടുപ്പുകൾ കൂടാതെയും ആണെന്നതാണ് യാഥാർത്ഥ്യം. 2024-ൽനടപ്പാക്കുമ്പോൾ ഇതിലെ ഒരു പ്രധാന ഘടകം 4 വർഷ ബിരുദ കോഴ്‌സുകൾ ആയിരുന്നു. ഈ കോഴ്‌സുകളുടെ സിലബസ് പരിശോധിക്കുമ്പോൾ ‘പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ’ എന്നത് പോലൊരു സമീപനം വ്യക്തമായി കാണാം. പഴയ സിലബസിലെ ഭൂരിഭാഗം കാര്യങ്ങളും വേണ്ടത്ര പരിഷ്കരണങ്ങൾക്ക് വിധേയമാവാതെ, പുതിയ സിലബസിലും ഇടംപിടിച്ചു. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്നതു സംബന്ധിച്ച് വലിയൊരു റോൾ കൈകാര്യം ചെയ്തത് ഇവിടത്തെ അധ്യാപക സംഘടനകളാണ്. തങ്ങളുടെ അധ്യാപകരെ സംരക്ഷിക്കുക എന്നതിനായിരുന്നു സംഘടനകളുടെ മുൻഗണന.

കൊവിഡിന് ശേഷം സംസ്ഥാനത്തെ സർവ്വകലാശാലകൾ പല കോഴ്‌സുകൾക്കുമുള്ള സീറ്റുകൾ വലിയ തോതിൽ വർധിപ്പിച്ചിരുന്നു. കൊവിഡ് കാലം കഴിഞ്ഞാൽ വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അധികമായി കേരളം വിട്ടു പോകില്ല എന്ന പ്രതീക്ഷയുടെ കൂടി അടിസ്ഥാനത്തിൽ ആയിരുന്നു ഈ നീക്കം. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് ഇതിന് കടകവിരുദ്ധമായിട്ടാണ്. കൊവിഡിന് ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ കുത്തൊഴുക്ക് വർധിച്ചു. വിദേശ കുടിയേറ്റത്തോടുള്ള അതിയായ താത്പര്യവും കർണാടകയിലും തമിഴ്‌നാട്ടിലും ഒക്കെയായി നാൽപ്പത്തേഴോളം പുതിയ സ്വകാര്യ സർവ്വകലാശാലകൾ വന്നതും ഇതിന് ആക്കം കൂട്ടി. വ്യാവസായിക, തൊഴിൽ മേഖലകളിലും ഉന്നതവിദ്യാഭ്യാസ രംഗത്തും മറ്റും കേരളത്തിന് ഭാവിയില്ലെന്ന പ്രചാരണങ്ങളും വലിയ തിരിച്ചടിയായി.
അയൽ സംസ്ഥാനങ്ങളിലെ സ്വകാര്യ സർവ്വകലാശാലകളാകട്ടെ, കാര്യമായ സിലബസ് നവീകരണമോ ഗുണനിലവാര വർധനയോ ഇല്ലെങ്കിലും ന്യൂജനറേഷൻ കോഴ്‌സുകളും ആകർഷകമായ കോഴ്സ് ടൈറ്റിലുകളും മറ്റും തങ്ങളുടെ സിലബസിൽ ഉൾപ്പെടുത്തി. കേരളത്തിൽ സജീവമായ തങ്ങളുടെ ഏജന്റുമാരുടെ സ്വാധീനവും അന്യസംസ്ഥാന സർവ്വകലാശാലകൾ ഉപയോഗപ്പെടുത്തി. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖല ഈ തിരിച്ചടി തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയി എന്നതാണ് സത്യം. ഇതോടെ കൊവിഡ് സമയത്ത് വർധിപ്പിച്ച സീറ്റുകൾ സർക്കാർ, എയ്‌ഡഡ് കോളേജുകളിൽ ഉൾപ്പെടെ ധാരാളമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥിതിവിശേഷം സംജാതമായി. നിലവിലുള്ള അധ്യാപകർക്ക് കൂടി ജോലി നഷ്ടപ്പെടുമെന്ന ഈ സാഹചര്യത്തിലാണ് അധ്യാപക സംഘടനകൾ ആക്ടീവ് ആയി രംഗത്ത് വരുന്നതും നാല് വർഷത്തോളമായി എതിർത്തിരുന്ന പദ്ധതി ആറോ ഏഴോ മാസം കൊണ്ട് ധൃതി പിടിച്ചു നടപ്പാക്കിയതും. അതിന്റെ പ്രശ്നങ്ങൾ നിരവധിയുണ്ട്. കൊമേഴ്‌സ് പോലുള്ള വിഷയങ്ങൾക്ക് ഒരു കോർ കോഴ്‌സ് മാത്രവും ഒട്ടേറെ അപ്രധാന സബ്സിഡിയറി കോഴ്‌സുകളും വിദ്യാർത്ഥികൾക്ക് പഠിക്കേണ്ടി വരുന്നു. മറ്റൊന്ന് 4 വർഷ ബിരുദ പ്രോഗ്രാമിൽ ലാംഗ്വേജ് കോഴ്‌സുകൾക്ക് നൽകിയിരിക്കുന്ന അമിത പ്രാധാന്യമാണ്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനമായി വിലയിരുത്തുന്ന അഞ്ച് കാര്യങ്ങൾ – ആക്‌സസ് (ലഭ്യത), ഇക്വിറ്റി (തുല്യത), ക്വാളിറ്റി (ഗുണനിലവാരം), അഫോഡബിലിറ്റി (പ്രാപ്യത), അക്കൗണ്ടബിലിറ്റി (ഉത്തരവാദിത്തം), ഈ അവസരത്തിൽ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒന്ന് വിലയിരുത്തുന്നത് ഉചിതമാകും. ആക്സസിന്റെയും ഇക്വിറ്റിയുടെയും കാര്യത്തിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. അഫോഡബിലിറ്റിയുടെ കാര്യത്തിലും വലിയ പോരായ്മകളില്ല. നല്ല കോഴ്‌സുകളും ജോലിസാധ്യതയും ഒക്കെയുണ്ടെങ്കിൽ കുട്ടികൾക്കായി എത്ര പണം ചെലവഴിക്കാനും കേരളത്തിലെ മാതാപിതാക്കൾ തയാറാകും.
നമ്മുടെ പ്രശ്നങ്ങൾ പ്രധാനമായും ക്വാളിറ്റിയും അക്കൗണ്ടബിലിറ്റിയും ആയി ബന്ധപ്പെട്ടിരിക്കുന്നു. ക്വാളിറ്റി ഉറപ്പ് വരുത്താൻ ഇനിയും കഴിയാത്തതു കൊണ്ടു കൂടിയാണ് ഡിമാൻഡും ജോലി സാധ്യതയും ഉള്ള കോഴ്‌സുകൾ വേണ്ടവിധത്തിൽ നൽകാൻ കഴിയാത്തത്. അധ്യാപക സംഘടനകളുടെ നിയന്ത്രണത്തിൽ നിന്ന് നമ്മുടെ ഉന്നത വിദ്യാഭ്യാസ ഇനിയും പുറത്തു വരേണ്ടതുണ്ട്. അധ്യാപക മൂല്യനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാൻ നമുക്ക് കഴിയണം. പൊതുപരീക്ഷകൾ കർശനമായ മോണിട്ടറിംഗിൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം. മാർക്ക് ദാനം പോലുള്ള സമ്പ്രദായങ്ങൾ നമ്മുടെ വിദ്യാർത്ഥികളുടെ മത്സരക്ഷമതയെ ബാധിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്.
കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല അതിന്റെ യഥാർത്ഥ മികവിലേക്കും സാധ്യതകളിലേക്കും വളരണമെങ്കിൽ നമ്മുടെ ഫോക്കസ് വിദ്യാഭ്യാസത്തിന്റെ ഉന്നത ഗുണനിലവാരത്തിലും വിദ്യാർത്ഥികളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയിലും തന്നെയാകണം.
അക്കാദമിക് ഫ്ലക്സിബിലിറ്റി പരിമിതം
ഡോ.കെവി തോമസ്

4 വർഷ ഡ്രിഗ്രി പ്രോഗ്രാമുകൾ മുഖ്യമായും മുന്നോട്ട് വച്ചിരിക്കുന്നത് അക്കാദമിക് ഫ്ലക്സിബിലിറ്റിയാണ്. എബിലിറ്റി എൻഹാൻസ്മെൻ്റ് കോഴ്സുകൾ (AEC) മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ (MDC) മറ്റ് ഭാഷകൾ തെരെഞ്ഞെടുക്കാൻ അവസരം, മൈനർ കോഴ്സുകൾ, മേജർ സബ്ജക്ട് എന്നിവ ചേർത്താണ് ഈ പുതിയ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഓരോ കോഴ്സിനും ക്രെഡിറ്റ് ഉണ്ട്. അതിൽ ഏറ്റക്കുറച്ചിലുകളും ഉണ്ട്. അതിൽ അഭിരുചിക്ക് ഇണങ്ങുന്നതും താല്പര്യമുള്ളതും തെരെഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയും. അക്കാദമിക് ഫ്ലക്സ്സിബിലിറ്റി എന്നത് കൊണ്ട് ഇതാണ് ഉദ്ദേശിക്കുന്നത്.
അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ (ABC) ഓൺലൈൻ കോഴ്സുകൾ ആണ് വരുന്നത്. അത് ഓരോന്നും പൂർത്തിയാക്കിയാൽ കിട്ടുന്ന ക്രെഡിറ്റ് അക്കാദമിക് ബാങ്കിൽ ചേർക്കാൻ കഴിയുന്നു. കോഴ്സ് അവസാനിച്ച് ഡിഗ്രി അവാർഡ് ചെയ്യുമ്പോൾ അത് ക്രെഡിറ്റിൽ നിന്ന് എടുത്ത് ചേർക്കാനും സാധിക്കും.
പുതിയ നയത്തിൻ്റെ ഭാഗമായി കരിക്കുലം റിവൈസ് ചെയ്തിട്ടുണ്ട്. നിലവിലുള്ള അധ്യാപകരുടെ വർക്ക്ലോഡ് വച്ചുകൊണ്ട് പലയിടത്തും പൂർണ്ണമായ രീതിയിൽ അത് സാധിക്കുന്നില്ല. വളരെയധികം കോഴ്സുകൾ ഉള്ള കോളേജുകളിൽ മാത്രമേ അക്കാദമിക് ഫ്ലെക്സിബിലിറ്റി നൽകാൻ കഴിയുന്നുള്ളൂ.
അക്കാദമിക് ക്രെഡിറ്റ് നൽകുന്ന കാര്യത്തിലും ഒരു വ്യക്തത വരാനുണ്ട്. ഏത് പ്ലാറ്റ്ഫോമിൽ ഏതൊക്കെ കോഴ്സുകൾ ചെയ്താൽ ക്രെഡിറ്റ് എടുക്കാം എന്ന കാര്യത്തിലാണ് വ്യക്തത വരാനുള്ളത്. സർക്കാരിൻ്റെ ഭാഗത്തുനിന്നാണ് അതുണ്ടാകേണ്ടത്.

തമിഴ്നാട് ഗവൺമെൻറ് അത് നടപ്പാക്കിയതായി കാണുന്നു. തേർഡ് സെമസ്റ്ററിൽ ‘സ്വയം’ എന്ന സർക്കാർ പ്ലാറ്റ്ഫോമിൽ ഉള്ള ഓൺലൈൻ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ചെയ്യാനും അതിൽ നിന്ന് അക്കാദമിക് ക്രെഡിറ്റ് എടുക്കാനും അവിടെ സംവിധാനം ചെയ്തതായി മനസിലാക്കുന്നു.
ഇപ്പോഴും നമ്മുടെ നാട്ടിൽ ഉള്ളത് പെയ്ഡ് ഇൻ്റേൺഷിപ്പ് ആണ്. അതും ഒന്നോ രണ്ടോ മാസത്തേക്കുള്ളതാണ്. വിദേശരാജ്യങ്ങളിൽ ആകട്ടെ അത് ആറുമാസം വരെ ദൈർഘ്യമുള്ളതാണ്. അത് എംപ്ലോയബിലിറ്റിക്ക് കൂടുതൽ സഹായിക്കുന്നു. അവിടെ കോഴ്സിനിടയിൽ ഇൻ്റേൺഷിപ്പിന് പോകാനും ശേഷം കോഴ്സിലേക്ക് തിരിച്ചു വരാനും തുടർന്ന് കോഴ്സ് പൂർത്തിയാക്കാനും സാഹചര്യമുണ്ട്.
ഇവിടെ ഓട്ടോണമസ് കോളേജുകൾക്കും പരിമിതമായ സ്വാതന്ത്ര്യമാണ് യൂണിവേഴ്സിറ്റി നൽകിയിട്ടുള്ളത്. സിലബസ് ഫ്രെയിം ചെയ്യാൻ അനുവദിക്കുമെങ്കിലും യൂണിവേഴ്സിറ്റിയുടെ കരിക്കുലം ഫ്രെയിം വർക്കിൽ നിന്നുകൊണ്ടുതന്നെ വേണം. പരമാവധി 20% മാത്രമേ അതിൽ നിന്നും മാറാൻ അനുവദിക്കൂ. മൂല്യനിർണയ പ്രക്രിയയിലും ഇതേ നിയന്ത്രണങ്ങൾ ഉണ്ട്.
ഏതായാലും എൻഇപിയിൽ പറഞ്ഞിട്ടുള്ള അക്കാദമിക് ഫ്ളക്സിബിലിറ്റി ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. നാലുവർഷത്തെ ആദ്യ ബാച്ച് പുറത്തിറങ്ങി അത് പഠിച്ച ശേഷം മാത്രമേ ഈ സമ്പ്രദായത്തിന്റെ ഗുണദോഷങ്ങൾ പൂർണ്ണമായും വിലയിരുത്താൻ സാധിക്കൂ.
നിലവിലുള്ള അധ്യാപകരെ നിലനിർത്തിക്കൊണ്ടു തന്നെയാണ് പുതിയ സംവിധാനം മുന്നോട്ടുപോകുന്നത്. പുതിയ കോഴ്സുകൾക്ക് അതിനുതകുന്ന അധ്യാപകരെ നിയമിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ പരിമിതി ഉണ്ട്. മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾക്കും മൈനർ സബ്ജക്ടുകൾക്കും എബിലിറ്റി എൻഹാൻസ്മെൻ്റ് കോഴ്സുകൾക്കും, ലാംഗ്വേജ് പ്രോഗ്രാമുകൾക്കും ഒക്കെ അധ്യാപകരെ വേണം. ആവശ്യത്തിന് അധ്യാപകരെ നിയമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അക്കാദമിക് ഫ്ളക്സിബിലിറ്റി സാധ്യമാകാതെ വരുന്നു.
(മുവാറ്റുപുഴ നിർമല കോളേജ് (ഓട്ടോണമസ്) അക്കാദമിക് ഡയറക്ടറും മുൻ പ്രിൻസിപ്പാളുമാണ് ലേഖകൻ)