വാട്സ്ആപ്പിൽ, അയച്ച മെസേജിൽ പിശക് കടന്നുകൂടിയാൽ ഡിലീറ്റ് ചെയ്യുകയോ പിശക് പറ്റിയ വിവരം അറിയിച്ച് പുതിയ മെസേജ് അയ്ക്കുകയോ മാത്രമായിരുന്നു ഇതുവരെയുള്ള പരിഹാരനടപടി. എന്നാലിപ്പോൾ അയച്ച മെസേജ് എഡിറ്റ് ചെയ്യുന്നതിനുള്ള ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
വാട്സ്ആപ്പിന്റെ മുഖ്യ എതിരാളിയായ ടെലഗ്രാമിൽ നിലവിൽ ഈ ഫീച്ചർ ലഭ്യമാണ്. അയച്ച മെസേജിൽ കുറച്ചധികനേരം അമർത്തിപ്പിടിക്കുമ്പോഴാകും മെസേജ് എഡിറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ പ്രത്യക്ഷപ്പെടുക. അവസാനഘട്ട പരീക്ഷണങ്ങൾക്കു ശേഷം പുതിയ ഫീച്ചർ വൈകാതെ ഉപയോക്താക്കൾക്കു ലഭ്യമാകും.
അതിനിടെ വാട്സ്ആപ്പ് ഏപ്രിലിൽ ഇന്ത്യൻ ഉപയോക്താക്കളുടെ 16 ലക്ഷത്തിലേറെ അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തി. കമ്പനിയുടെ നിർദേശങ്ങളും നയസംഹിതയും ലംഘിച്ചതിന്റെ പേരിലാണ് നടപടി. 122 അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തത് ഉപയോക്താക്കളുടെ പരാതിയെത്തുടർന്നാണ്. ഐടി നിയമപ്രകാരം കന്പനി പുറത്തുവിട്ട ഏപ്രിലിലെ പ്രതിമാസ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്.