
മുംബൈ: ബുധനാഴ്ച 12 ശതമാനം ഉയര്‍ച്ച നേടിയ ഓഹരിയാണ് ആരതി ഡ്രഗ്‌സിന്റേത്. 489.95 രൂപ എന്ന ഇന്‍ട്രാ ഡേ ഉയരം കുറിക്കാനും ഓഹരിയ്ക്കായി. ചൈനീസ് ഫ്‌ലൂറോക്വിനോലോണ്‍ അഥവാ ഒഫ്‌ളക്‌സാസിന്‍ ആന്റിബയോട്ടിക്കിനെതിരായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രേഡ് റെമഡീസ് (ഡിജിടിആര്‍) അന്വേഷണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഓഹരി കുതിച്ചത്.
ആരതി ഡ്രഗ്‌സിന്റെ അപേക്ഷയെ തുടര്‍ന്നാണ് ഡിജിടിആര്‍ അന്വേഷണം നടത്തിയത്. ആഭ്യന്തര കമ്പനികള്‍ക്ക് വിലകുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളോട് മത്സരിക്കാനാകാത്ത സ്ഥിതിയുണ്ടായിരുന്നു. തുടര്‍ന്ന് ചൈനീസ് ആന്റി ബയോട്ടിക്കുകളുടെ മേല്‍ ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്താന്‍ ആരതി ഡ്രഗ്‌സ് ഡിജിടിആറിനോട് ആവശ്യപ്പെട്ടു.
ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തിയത്. ഇക്കാരത്തില്‍ അവസാന തീരുമാനം ഡിജിടിആര്‍ ഉടന്‍പുറത്തുവിടും. എങ്കിലും അതിന് മുന്‍പുതന്നെ ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ കമ്പനിയ്ക്കായി. അതേസമയം ആരതി ഡ്രഗ്‌സ് ഓഹരിയില്‍ അമിത പ്രതീക്ഷവേണ്ടെന്ന നിലപാടിലാണ് അനലിസ്റ്റുകള്‍.
നിലവിലെ വിലവര്‍ധന താല്‍ക്കാലികമാണെന്നും പ്രവര്‍ത്തന മാര്‍ജിനിലില്‍ കുറവ് വരുത്തിയത് കാരണം ഓഹരി എപ്പോള്‍ വേണമെങ്കിലും ഇടിവ് നേരിടാമെന്നും എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസിലെ സൗരഭ് ജെയ്ന്‍ പറഞ്ഞു. ജിസിഎല്‍ സെക്യൂരിറ്റീസ് സിഇഒ രവി സിംഗാലിന്റെ അഭിപ്രായത്തില്‍ ഓഹരി ഉടന്‍ ലാഭമെടുപ്പ് നേരിടും.
തുടര്‍ന്ന് 460 രൂപയിലേയ്‌ക്കെത്തുമ്പോള്‍ മാത്രമേ ഓഹരി വാങ്ങേണ്ടതുള്ളൂ. 532 രൂപയാണ് ഈ ഘട്ടത്തില്‍ ലക്ഷ്യവില നിശ്ചയിക്കേണ്ടതെന്നും സിംഗാല്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉല്‍പ്പാദിപ്പിച്ച മള്‍ട്ടിബാഗര്‍ സ്‌റ്റോക്കുകളില്‍ ഒന്നാണ് ആരതി ഡ്രഗ്‌സ്.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 275 ശതമാനം ഉയര്‍ച്ച കൈവരിച്ച ഓഹരിയാണിത്. 125 രൂപയില്‍ നിന്നും 475 രൂപയിലേയ്ക്കാണ് ഈ കാലയളവില്‍ ഓഹരി വളര്‍ന്നത്.