
മുംബൈ: ദുര്‍ബലമായ നാലാംപാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് ബന്ധന്‍ ബാങ്ക് ഓഹരിയ്ക്ക് സമ്മിശ്ര റേറ്റിംഗാണ് ലഭ്യമായത്. ജെഫറീസ് 340 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാനും ഇന്‍വസ്റ്റക് 200 രൂപ ലക്ഷ്യവിലയില്‍ ഓഹരി വില്‍ക്കാനും നിര്‍ദ്ദേശിക്കുന്നു. നിര്‍മ്മല്‍ ബാങിന്റെത് 325 രൂപ ലക്ഷ്യവില നിശ്ചയിച്ചുള്ള വാങ്ങല്‍ റേറ്റിംഗാണ്.
മോതിലാല്‍ ഓസ്വാള്‍ 265 രൂപ ലക്ഷ്യവില നിശ്ചയിച്ചുള്ള ന്യൂട്രല്‍ റേറ്റിംഗ് നല്‍കി. അറ്റ പലിശവരുമാനത്തിന്റെ മെച്ചപ്പെടല്‍, പ്രൊവിഷനിലെ കുറവ്, ആസ്തി ഗുണനിലവാരം എന്നിവ പരിഗണിക്കുമ്പോള്‍ ആരോഗ്യകരമായ നാലാംപാദ ഫലങ്ങളാണ് ബന്ധന്‍ ബാങ്ക് പുറത്തുവിട്ടത്, മോതിലാല്‍ ഓസ്വാള്‍ അനലിസ്റ്റുകള്‍ നിരീക്ഷിച്ചു. മാര്‍ജിന്‍ 80 ബിപിഎസ് ഉയര്‍ന്ന് 7.3 ശതമാനമായപ്പോള്‍ വായ്പകളില്‍ 14 ശതമാനം വര്‍ദ്ധന ദൃശ്യമായി.
മാനേജുമെന്റ് ബിസിനസില്‍ വന്‍ അഴിച്ചുപണിക്ക് തുടക്കമിടുകയാണെന്ന് ഇന്‍വസ്റ്റക് അനലിസ്റ്റുകള്‍ പറയുന്നു. മൈക്രോ ഫിനാന്‍സില്‍ ഗ്രൂപ്പ് ഒഴിവാക്കി ബാങ്ക് വ്യക്തിഗത വിഭാഗത്തിലേയ്ക്ക് മാറുന്നു. സുരക്ഷിത വായ്പകളില്‍ വളര്‍ച്ച സമ്മിശ്രമാണ്.
808 കോടി രൂപയാണ് നാലാംപാദത്തില്‍ ബാങ്ക് രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 58 ശതമാനം കുറവ്.വരുമാനം 1 ശതമാനം മാത്രം ഉയര്‍ന്ന് 4897 കോടി രൂപയുമായി.
അറ്റ പലിശ വരുമാനം (എന്‍ഐഐ) തുടര്‍ച്ചയായി 19 ശതമാനം ഉയര്‍ന്ന് 2472 കോടി രൂപയായപ്പോള്‍ പലിശ രഹിത വരുമാനം 39 ശതമാനം ഉയര്‍ന്ന് 629 കോടി രൂപ. പ്രവര്‍ത്തന ലാഭം തുടര്‍ച്ചയായി 7 ശതമാനം താഴ്ന്ന് 1796 കോടി രൂപയായിട്ടുണ്ട്.
അറ്റപലിശ മാര്‍ജിന്‍ 7.3 ശതമാനം. 1.5 രൂപയുടെ ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. 2023 സാമ്പത്തികവര്‍ഷത്തില്‍ 2195 കോടി രൂപയുടെ അറ്റാദായമാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്.
മുന്‍വര്‍ഷത്തില്‍ ഇത് 126 കോടി രൂപ മാത്രമായിരുന്നു. എന്‍ഐഐ 6.3 ശതമാനം ഉയര്‍ന്ന് 9260 കോടി രൂപ.പലിശ രഹിത വരുമാനം 12.5 ശതമാനം കുറഞ്ഞ് 2469 കോടി രൂപ. പ്രവര്‍ത്തന ലാഭം 11.5 ശതമാനം താഴ്ന്ന് 7091 കോടി രൂപയിലെത്തി. അറ്റ പലിശമാര്‍ജിന്‍ 7.2 ശതമാനത്തില്‍ നിന്നും 8.2 ശതമാനമായി ഉയര്‍ന്നു.