പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടും

കൊല്ലം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ, എണ്ണക്കമ്പനികൾ മണ്ണെണ്ണ വില പുതുക്കിനിശ്ചയിച്ചത് മത്സ്യമേഖലയിലുണ്ടാക്കുന്നത് വലിയ പ്രതിസന്ധി. മണ്ണെണ്ണ വില 53 രൂപ വരെ വർധിക്കുമെന്നതിനാൽ കടലിൽപ്പോകാൻ കഴിയാത്ത സാഹചര്യമാണ് ഇൻബോർഡ് വള്ളങ്ങളുടെ ഉടമകൾക്ക്.

മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് മണ്ണെണ്ണയുപയോഗിക്കുന്ന ഇൻബോർഡ് വള്ളങ്ങളുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. അതുകൊണ്ടുതന്നെ മണ്ണെണ്ണ ഉപഭോഗത്തിലും സംസ്ഥാനം മുന്നിലാണ്. മത്സ്യത്തൊഴിലാളികൾക്കു സഹായകരമാകുംവിധം കഴിഞ്ഞ മാസം വള്ളങ്ങൾക്കുള്ള മണ്ണെണ്ണ സബ്സിഡി, സംസ്ഥാന സർക്കാർ 25 രൂപയിൽനിന്ന് 50 രൂപയാക്കി വർധിപ്പിച്ചിരുന്നു.

ഇതിനു പിന്നാലെ എണ്ണക്കമ്പനികൾ വില പുതുക്കിനിശ്ചയിച്ചതു പ്രകാരം മത്സ്യഫെഡ് ഏപ്രിൽ ഒന്നുമുതൽ ലിറ്ററിന് 51.59 രൂപ വർധിപ്പിക്കുകയും ചെയ്തു. ലിറ്ററിന് 102 രൂപയായിരുന്നു മുമ്പത്തെ വില. ഇപ്പോഴത് 153.59 ആയിട്ടുണ്ട്. 10 എച്ച്.പി. എൻജിനുള്ള വള്ളങ്ങൾ പ്രതിദിനം 140 ലിറ്റർ മണ്ണെണ്ണ വരെ ഉപയോഗിക്കുന്നുണ്ട്. ഏഴായിരം രൂപ ഒരു ദിവസം ഇവർക്കു ചെലവാകുന്നുണ്ട്.

എന്നാൽ, വിലവർധന പ്രാബല്യത്തിലാകുന്നതോടെ, മത്സ്യബന്ധനത്തിനു പോകാൻ വൻ തുക അധികം ചെലവഴിക്കേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മണ്ണെണ്ണയ്ക്കു പുറമേ യുദ്ധസാഹചര്യത്തിൽ, വല നിർമാണത്തിനുള്ള നൂലും കിട്ടാതായിട്ടുണ്ട്. ലഭ്യമായ നൂലിന് ഒരു കിലോയ്ക്ക് മുപ്പതുമുതൽ 40 വരെ വില വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇതും മത്സ്യമേഖലയ്ക്കു തിരിച്ചടിയായി.

മണ്ണെണ്ണയുടെ അടിസ്ഥാനവിലയായ 131.64 രൂപയ്ക്കൊപ്പം കേന്ദ്ര-സംസ്ഥാന ജി.എസ്.ടി. നിരക്കായ ഒൻപതുശതമാനം തുകകൂടി വർധിപ്പിച്ചതാണ് വില കൂടാൻ ഇടയാക്കിയതെന്ന് മത്സ്യത്തൊഴിലാളിസംഘടനകൾ ആരോപിക്കുന്നു. കേന്ദ്രവും സംസ്ഥാനവും ജി.എസ്.ടി. നിരക്ക് കുറച്ചാൽ തൊഴിലാളികൾക്ക് അത് ആശ്വാസമാകുമെന്നും ഇവർ പറയുന്നു.

മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്ന തീരുമാനം തിരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ചൂണ്ടിക്കാട്ടി. മത്സ്യഫെഡിൽ സ്റ്റോക്കുള്ള മണ്ണെണ്ണ തീരുംവരെ 102 രൂപയ്ക്ക് മണ്ണെണ്ണ വിതരണംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഓയിൽ കമ്പനികൾ നൽകുന്ന വിൽപ്പനവിലയ്ക്കുതന്നെയാണ് മണ്ണെണ്ണ വിൽക്കുന്നതെന്നാണ് മത്സ്യഫെഡ് അധികൃതരുടെ വിശദീകരണം. മത്സ്യഫെഡിന് വില കൂട്ടാനോ കുറയ്ക്കാനോ ഉള്ള അധികാരമില്ല. യുദ്ധത്തിന്റെ സാഹചര്യത്തിലുണ്ടായ വിലവർധനയാണിതെന്നും അവർ വിശദീകരിക്കുന്നു.

X
Top