
ന്യൂഡൽഹി: സ്പെഷൽ റുപ്പീ വോസ്ട്രോ അക്കൗണ്ടുകൾ (എസ്ആർവിഎ) വഴി ഇടപാട് നടത്തുന്ന വിദേശ ഇന്ത്യക്കാർക്ക് (എൻആർഐ) മിച്ചമുള്ള തുക കേന്ദ്രസർക്കാരിന്റെ കടപ്പത്രങ്ങളിൽ (ജി–സെക്) നിക്ഷേപിക്കാമെന്ന് റിസർവ് ബാങ്ക്.
ഇതുസംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട ബാങ്കുകൾക്ക് നൽകി. ഉടൻ പ്രാബല്യത്തിൽ വരും. രൂപയിലുള്ള രാജ്യാന്തര വ്യാപാര ഇടപാടുകൾക്കായി വിദേശ സ്ഥാപനങ്ങൾ ഇന്ത്യൻ ബാങ്കുകളിൽ തുറക്കുന്ന അക്കൗണ്ടുകളാണ് എസ്ആർവിഎ.
രൂപ വഴിയുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എസ്ആർവിഎ അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആർബിഐ ലഘൂകരിച്ച് ദിവസങ്ങൾക്കകമാണ് പുതിയ വിജ്ഞാപനം. ഇത് ഇന്ത്യയുടെ കടപ്പത്ര വിപണിയുടെ വിപണിയെ ശക്തമാക്കും.
മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയും സ്വന്തം കറൻസിയിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞിരുന്നു.