
തിരുവനന്തപുരം: നവകേരളത്തിന് കരുത്ത് പകരാനും കേരളത്തെ ലോകം ഉറ്റുനോക്കുന്ന ഇടമാക്കി മാറ്റുന്നതിനുമായി നടത്തുന്ന ‘വിഷൻ 2031 സെമിനാർ’ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് ക്യാബിനറ്റ് റൂമിൽ മന്ത്രി സമിതിയിലെ അംഗങ്ങളും ചീഫ് സെക്രട്ടറിയും പങ്കെടുത്ത ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്. 2031-ഓടെ കേരളം രൂപീകൃതമായി 75 വർഷം പൂർത്തിയാകുന്നതിനാൽ, ഇതുവരെയുള്ള വികസനപാത വിലയിരുത്തിയും ഭാവി പദ്ധതികൾ രൂപപ്പെടുത്തിയും മുന്നോട്ട് പോകുക എന്നതാണ് സെമിനാറുകളുടെ ലക്ഷ്യം. അഭൂതപൂർവ സാമൂഹിക പുരോഗതി കൈവരിച്ച കേരളം, ഇപ്പോൾ ഭാവിയിലെ വികസനത്തിന് വ്യക്തമായ റോഡ് മാപ്പ് തയ്യാറാക്കേണ്ട സമയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒക്ടോബർ 1 മുതൽ 30 വരെ വിവിധ ജില്ലകളിലായി 33 വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകൾ നടക്കും. ഓരോ സെമിനാറിനും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ നേതൃത്വം നൽകും. ദേശീയ-അന്തർദേശീയ തലത്തിൽ നിന്നുള്ള വിദഗ്ധരും പാനലിസ്റ്റുകളും പങ്കുചേരും. ഗവേഷകർ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, കർഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി ഏകദേശം 1,000 പ്രതിനിധികളാണ് പങ്കെടുക്കുക.
സെമിനാറുകളിൽ നിന്നുള്ള നിർദേശങ്ങളും ആശയങ്ങളും ജനുവരിയിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല വിപുലമായ സെമിനാറിൽ ഏകോപിപ്പിക്കും. അവയെ അടിസ്ഥാനമാക്കി കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നൽകുന്ന സമഗ്ര നയരേഖ സർക്കാർ രൂപീകരിക്കും.
ജില്ലകളിലെ വിഷയങ്ങൾ
തിരുവനന്തപുരം: ഭക്ഷ്യ പൊതു വിതരണം, പൊതു വിദ്യാഭ്യാസം, വ്യവസായം
കൊല്ലം: മൃഗ സംരക്ഷണവും ക്ഷീര വികസനവും, തൊഴിൽ
പത്തനംതിട്ട: ഗതാഗതം, ആരോഗ്യം
ആലപ്പുഴ: കൃഷി, ഫിഷറീസ്
കോട്ടയം: ഉന്നത വിദ്യാഭ്യാസം, സഹകരണം
ഇടുക്കി: ജലവിഭവം, ടൂറിസം
എറണാകുളം: ധനകാര്യം, രജിസ്ട്രേഷൻ, ഐടി, സർവെ, ന്യൂനപക്ഷ ക്ഷേമം
തൃശ്ശൂർ: റവന്യൂ, സാമൂഹ്യ നീതി, സാംസ്കാരികം
പാലക്കാട്: വൈദ്യുതി, തദ്ദേശ സ്വയംഭരണം, എക്സൈസ്
മലപ്പുറം: കായികം, വനിത-ശിശു വികസനം
കോഴിക്കോട്: പൊതുമരാമത്ത്, യുവജന ക്ഷേമം
വയനാട്: പട്ടിക ജാതി-പട്ടിക വർഗ വികസനം, വനം, വന്യജീവി
കണ്ണൂർ: തുറമുഖം, ആഭ്യന്തരം
കാസർഗോഡ്: മ്യൂസിയം, പുരാവസ്തു, പുരാരേഖ, നോർക്ക