
ചെന്നൈ: ഇന്ത്യയിലെ വാഹന വിപണിയിലേക്ക് പ്രവേശനം പ്രഖ്യാപിച്ചിട്ടുള്ള വിയറ്റ്നാമീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റിന്റെ ആദ്യ വാഹനങ്ങള്‍ സെപ്റ്റംബർ ആറിന് ഇന്ത്യയില്‍ അവതരിപ്പിക്കും.
വിഎഫ്6, വിഎഫ്7 എന്നീ എസ്യുവി മോഡലുകളാണ് വിൻഫാസ്റ്റ് ആദ്യം ഇന്ത്യയില്‍ എത്തിക്കുന്നത്. ഇതിനോടകം തന്നെ ബുക്കിങ് ആരംഭിച്ച ഈ വാഹനങ്ങളുടെ വില ഇതേ ദിവസമായിരിക്കും പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകള്‍.
തമിഴ്നാട്ടിലെ തൂത്തുകുടി സിപ്കോട് ഇൻഡസ്ട്രിയൻ പാർക്കിലാണ് വിൻഫാസ്റ്റിന്റെ പ്ലാന്റ് ഒരുങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ പാർട്സുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഈ പ്ലാന്റില്‍ അസംബിള്‍ ചെയ്തായിരിക്കും വിപണിയില്‍ എത്തുകയെന്നാണ് വിവരം. വിയറ്റ്നാമിന് പുറത്ത് വിൻഫാസ്റ്റ് നിർമിക്കുന്ന ആദ്യ പ്ലാന്റാണിത്.
ഗുജറാത്തിലാണ് വിൻഫാസ്റ്റ് ഇന്ത്യയുടെ ആദ്യ ഷോറൂം തുറന്നത്. ഇതിനുപിന്നാലെ തന്നെ രാജ്യത്തെ ഏറ്റവും വലിയ ഷോറൂം ചെന്നൈയിലും തുറക്കുകയായിരുന്നു. 27 നഗരങ്ങളിലായി 32 ഡീലർഷിപ്പുകളാണ് ആരംഭിക്കുന്നതെന്നാണ് മുമ്പ് അറിയിച്ചത്.
ഇന്ത്യയിലെ തന്നെ 13 മുൻനിര ഡീലർമാരുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വിൻഫാസ്റ്റിന്റെ ഡീലർഷിപ്പുകള്‍ ആരംഭിച്ചിരിക്കുന്നത്.
2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് വിയറ്റ്നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയില്‍ വാഹനങ്ങള്‍ പ്രദർശനത്തിന് എത്തിച്ചത്. വിൻഫാസ്റ്റിന്റെ വാഹന നിരയിലെ ഒട്ടുമിക്ക മോഡലുകളും ഭാരത് മൊബിലിറ്റി എക്സ്പോയിലെ വിൻഫാസ്റ്റ് പവലിയനില്‍ നിരന്നിരുന്നു. ഇതില്‍ വിഎഫ്7, വിഎഫ്6 എന്നീ മോഡലുകളാണ് ആദ്യം എത്തിക്കുന്നത്.