
. സംസ്ഥാനത്തുടനീളം നെറ്റ്‌വർക് വികസനത്തിനായുള്ള നിക്ഷേപങ്ങള്‍ വേഗത്തിലാക്കി
കൊച്ചി: ടെലികോം സേവനദാതാക്കളായ വി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും തങ്ങളുടെ 5ജി സേവനങ്ങള്‍ വിപുലീകരിച്ചു. വി 5ജി സേവനങ്ങള്‍ ഇപ്പോള്‍ സംസ്ഥാനത്തുടനീളം ലഭ്യമാണ്. ഇതിലൂടെ നഗര മേഖലകളിലും വളരുന്ന പട്ടണങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് അടുത്ത തലമുറ കണക്റ്റിവിറ്റി ലഭ്യമാകും. പ്രാരംഭ ഓഫറിന്‍റെ ഭാഗമായി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 5ജി പ്ലാന്‍ വി അവതരിപ്പിച്ചു. 299 രൂപ മുതല്‍ ആരംഭിക്കുന്ന 5ജി പ്ലാനുകള്‍ ഇതിലൂടെ ലഭ്യമാകും. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളില്‍ 5ജി നെറ്റ്വര്‍ക്ക് വിജയകരമായി അവതരിപ്പിച്ചതിനുശേഷം കേരളത്തിലെ സേവനങ്ങള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ വിയുടെ നെറ്റ്വര്‍ക്ക് മറ്റിടങ്ങളിലേക്കും വിപുലീകരിച്ചു. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും അതിവേഗ കണക്റ്റിവിറ്റിയും തടസ്സമില്ലാത്ത ഇന്‍റര്‍നെറ്റും ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം 5ജി നെറ്റ്വര്‍ക്ക് കപ്പാസിറ്റിയും കമ്പനി ഗണ്യമായി വര്‍ദ്ധിപ്പിച്ചു. ഈ വിപുലീകരണത്തോടെ കേരളത്തിലെ എല്ലാ പ്രധാന പട്ടണങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ, ടൂറിസം മേഖലകള്‍, ജനസാന്ദ്രതയുള്ള താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ വി 5ജി ലഭ്യമാണ്.
സംസ്ഥാനത്തുടനീളം 5ജി സേവനം ലഭ്യമായതോടെ ആലപ്പുഴ, കണ്ണൂര്‍, കളമശ്ശേരി, കാസര്‍കോട്, കല്‍പ്പറ്റ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മഞ്ചേരി, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരൂര്‍, തൃശൂര്‍, തൊടുപുഴ, തിരുവനന്തപുരം, വയനാട് എന്നിങ്ങനെ കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന നഗരങ്ങളില്‍ ഇപ്പോള്‍ വി 5ജി ലഭ്യമാണ്. സംസ്ഥാനത്തെ മറ്റു മേഖലകളിലേക്കും 5ജി നെറ്റ്‌വർക് ഉടന്‍ വിപുലീകരിക്കുന്നതാണ്. നെറ്റ്‌വർക് ഘടന തന്ത്രപരമായി വിപുലീകരിക്കുകയും കവറേജ് വ്യാപിപ്പിക്കുകയും ചെയ്തുകൊണ്ട് പുതുതായി ഉള്‍പ്പെടുത്തിയ പട്ടണങ്ങളെയും നഗരങ്ങളെയും അടുത്ത തലമുറ കണക്റ്റിവിറ്റിയിലൂടെ വി ശക്തിപ്പെടുത്തുകയാണ്. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് 5ജിയുടെ പൂര്‍ണ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. അതിവേഗ ഡൗണ്‍ലോഡിംഗ്, തടസ്സമില്ലാത്ത 4കെ വീഡിയോ സ്ട്രീമിംഗ്, ലാഗ് ഇല്ലാത്ത ഗെയിമിംഗിനും തത്സമയ ആശയവിനിമയത്തിനും ആവശ്യമായ കുറഞ്ഞ ലേറ്റന്‍സി എന്നിവ ഉറപ്പാക്കാന്‍ വിയുടെ മെച്ചപ്പെടുത്തിയ നെറ്റ്‌വർക് കപ്പാസിറ്റി സഹായിക്കുന്നു. ഇത് ഇന്‍റര്‍നെറ്റ് അനുഭവങ്ങളെ തടസ്സമില്ലാത്തതും ഉയര്‍ന്ന നിലവാരമുള്ളതുമാക്കി മാറ്റും.
കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോള്‍ വി 5ജി ലഭ്യമാണ്. 2025ന്‍റെ രണ്ടാം പകുതിയില്‍ ഊര്‍ജക്ഷമതയുള്ള അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും, നെറ്റ്വര്‍ക്ക് പ്രകടനം തനിയെ മെച്ചപ്പെടുത്താന്‍ കപ്പാസിറ്റിയുള്ള എഐ അധിഷ്ഠിത സെല്‍ഫ് ഓര്‍ഗനൈസിംഗ് നെറ്റ്‌വർക്കുകള്‍ ഉപയോഗിച്ചും സംസ്ഥാനത്തുടനീളം 5ജി വിപുലീകരണം വേഗത്തിലാക്കി. മെച്ചപ്പെടുത്തിയ ഈ നെറ്റ്വര്‍ക്കിലൂടെ അതിവേഗവും വിശ്വസനീയവുമായ കണക്ടിവിറ്റി ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് സാധിക്കും. ഉയര്‍ന്ന നിലവാരമുള്ളതും ഭാവിയിലേക്ക് സജ്ജവുമായ അനുഭവമാണ് വി 5ജി നല്‍കുന്നതെന്ന് ആത്മവിശ്വാസത്തോടെ പറയാനാകുമെന്ന് വോഡഫോണ്‍ ഐഡിയയുടെ കേരള ക്ലസ്റ്റര്‍ ബിസിനസ് ഹെഡ് ജോര്‍ജ് മാത്യു വി. പറഞ്ഞു. 5ജി വിപുലീകരണത്തിനൊപ്പം കൂടുതല്‍ വിപുലമായ കവറേജും വേഗമേറിയ ഡാറ്റാ സ്പീഡും മികച്ച കസ്റ്റമര്‍ എക്സ്പീരിയന്‍സും നല്‍കുന്നതിനായി കേരളത്തിലെ തങ്ങളുടെ 4ജി ശൃംഖലയും വി ഗണ്യമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ് സ്പെക്ട്രം ബാന്‍ഡുകളിലായി 3500-ൽ അധികം പുതിയ 4ജി സൈറ്റുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്.






