മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

വെനസ്വേല ക്രൂഡ് ഉത്പാദനം 35 ലക്ഷം ബാരലിലേക്ക് കുതിക്കും

ഒരുകാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1990കളില്‍ ലോകത്തിന്റെ എണ്ണ ഹബ്ബായിരുന്നു വെനസ്വേല. എന്നാല്‍, ഹ്യൂഗോ ഷാവേസ് മുതല്‍ നിക്കോളസ് മഡ്യൂറോ വരെ മാറിമാറി ഭരിച്ച ഭരണാധികാരികളുടെ തെറ്റായ നയവും അമേരിക്കന്‍ ഉപരോധവും വെനസ്വേലന്‍ എണ്ണ ആധിപത്യത്തെ ഇല്ലാതാക്കി. പ്രതിദിനം 35 ലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിച്ചിരുന്ന സ്ഥാനത്തു നിന്ന് എട്ടുലക്ഷം ബാരലിലേക്ക് കാര്യങ്ങള്‍ മാറി.

2006-07 കാലഘട്ടത്തിലാണ് വെനസ്വേലയിലെ എണ്ണ കമ്പനികളെ ഷാവേസ് ദേശസാല്‍ക്കരിക്കുന്നത്. ഇതോടെ വെനസ്വേലയുടെ എണ്ണ അപ്രമാദിത്വത്തിന് അവസാനമായി. ആവശ്യത്തിന് മൂലധനമില്ലാതായതോടെ എണ്ണ കമ്പനികള്‍ കിതച്ചു. ഉത്പാദനം കൂപ്പുകുത്താന്‍ തുടങ്ങി.

നിക്കോളസ് മഡ്യൂറോയെ യുഎസ് തടവിലാക്കിയതോടെ വെനസ്വേലയിലേക്ക് യുഎസ് കമ്പനികള്‍ വീണ്ടും ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്. ഇടക്കാല വെനസ്വേലന്‍ സര്‍ക്കാരിനും യുഎസ് കമ്പനികളുടെ വരവിനോട് വലിയ താല്പര്യക്കുറവില്ല. സ്വകാര്യ കമ്പനികളെ എണ്ണ ബിസിനസിലേക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കും. അങ്ങനെ സംഭവിച്ചാല്‍ ആഗോള വിപണിയിലേക്ക് വലിയ എണ്ണയൊഴുക്കുണ്ടാകും.

വെനസ്വേലന്‍ എണ്ണ വന്നാല്‍ എന്ത് സംഭവിക്കും?
ഒപെക് പ്ലസ് രാജ്യങ്ങള്‍ക്ക് മേധാവിത്വം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് എണ്ണവിപണി മാറിയിട്ടുണ്ട്. കൂടുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എണ്ണ ഉത്പാദനത്തിലേക്ക് വന്നത് ഗള്‍ഫ് രാജ്യങ്ങളുടെ സ്വാധീനം കുറച്ചിട്ടുണ്ട്. യുഎസ് ഉപരോധത്തെ തുടര്‍ന്ന് ചൈനയായിരുന്നു വെനസ്വേലന്‍ ക്രൂഡ് സമീപകാലത്ത് കൂടുതലായി വാങ്ങിയിരുന്നത്. ഒപ്പം ചെറിയ പങ്ക് ക്യൂബയും. ഈ രീതി ഇനി മാറിയേക്കും.

അമേരിക്കന്‍ കമ്പനികള്‍ക്ക് വെനസ്വേലയിലെ എണ്ണവിപണി തുറന്നു കിട്ടുന്നതോടെ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണയെത്തും. ഇത് എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കാം.
എണ്ണവിതരണം വര്‍ധിക്കും- വെനസ്വേലയില്‍ നിന്ന് വിപണിയിലേക്ക് അധിക ബാരലുകള്‍ എത്തുന്നുവെങ്കില്‍ ആഗോള എണ്ണവിതരണം വര്‍ധിക്കും. ഇത് വിലയില്‍ ഇടിവുണ്ടാക്കാന്‍ ഇടയാക്കും.

വിലയിലെ കുതിപ്പിന് ബ്രേക്ക്- മധ്യേഷ്യയിലെ സംഘര്‍ഷങ്ങളും ഉത്പാദന നിയന്ത്രണങ്ങളും മൂലം ക്രൂഡ് ഓയില്‍ വില 70 ഡോളറിന് അടുത്താണ്. വെനസ്വേലയുടെ തിരിച്ചുവരവ് വില കുത്തനെ ഉയരുന്നത് നിയന്ത്രിക്കാന്‍ സഹായിക്കും, പ്രത്യേകിച്ച് ബ്രെന്റ് ക്രൂഡിലും ഡബ്ല്യുടിഐയിലും.
ഒപെക്കിന് തലവേദന- ഉത്പാദനം നിയന്ത്രിച്ച് വിലയിടിവ് പിടിച്ചു നിര്‍ത്തുകയാണ് ഒപെക്കിന്റെ രീതി. അടുത്ത കാലത്ത് ഇത് അത്ര ഫലപ്രദമല്ല. വെനസ്വേല കൂടി വിപണിയിലേക്ക് എത്തുന്നതോടെ ഒപെക്കിന്റെ നിയന്ത്രണം വീണ്ടും പാളും.

ഇന്ത്യയ്ക്ക് ആശ്വാസം- ഇന്ത്യ ഉള്‍പ്പെടെയുള്ള വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് സന്തോഷിക്കാം. കുറഞ്ഞ നിരക്കില്‍ എണ്ണ കിട്ടുന്നതും മറ്റൊരു ഓപ്ഷന്‍ കൂടി എണ്ണ വാങ്ങലിന് മുന്നിലുള്ളതും നല്ല കാര്യമാണ്.

എണ്ണവില കൂടുന്നു
ഇറാനെ ചുറ്റിപ്പറ്റിയുള്ള ഭീഷണികള്‍ യുഎസ് ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിക്കുന്നത് എണ്ണവിലയിലും പ്രതിഫലിക്കുന്നുണ്ട്. ക്രൂഡ് വില ബാരലിന് 70 ഡോളറിന് അരികെയാണ്. യുദ്ധ സാഹചര്യം ഉരുത്തിരിഞ്ഞാല്‍ വില കുത്തനെ കയറും. എണ്ണ വിതരണം തടസപ്പെടുത്താന്‍ ഇറാന്‍ ശ്രമിച്ചേക്കുമെന്നതാണ് കാരണം.

X
Top