
തൊടുപുഴ: മണ്ഡലകാലം ആരംഭിച്ചതിനു പിന്നാലെ പച്ചക്കറി വിപണിയിൽ പല ഇനങ്ങളുടെയും വിലയിൽ കുതിപ്പ്. മുരിങ്ങക്കായ ചില്ലറവില കിലോഗ്രാമിനു 380–400 രൂപ വരെയായി. രണ്ടാഴ്ച മുൻപുവരെ കിലോയ്ക്ക് 80-100 രൂപയായിരുന്നു മുരിങ്ങക്കായ വില. അതിവേഗം വില കുതിച്ചുയർന്നതോടെ അവിയലിൽ നിന്നും സാമ്പാറിൽ നിന്നുമൊക്കെ മുരിങ്ങക്കായയെ തൽക്കാലം മാറ്റിനിർത്തുകയാണ് പലരും.
തക്കാളി, കാരറ്റ്, കോവയ്ക്ക, വെണ്ടയ്ക്ക, വള്ളിപ്പയർ തുടങ്ങി പല ഇനങ്ങളുടെയും വിലയിൽ വർധനയുണ്ട്. തക്കാളിക്കു ചില്ലറവില 80–90 രൂപ വരെയായി. കാരറ്റിന് കിലോഗ്രാമിന് 80 രൂപ, വള്ളിപ്പയർ–80–88, കോവയ്ക്ക–70–80, വെണ്ടയ്ക്ക–68–76 എന്നിങ്ങനെയാണ് ചില്ലറ വ്യാപാര കേന്ദ്രങ്ങളിലെ വില.
മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാർ കൂടിയതും അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയുമാണ് വിലയിൽ കുതിച്ചുചാട്ടമുണ്ടാക്കിയത്. പല ഇനങ്ങൾക്കും ലഭ്യതക്കുറവുണ്ടെന്നും കച്ചവടക്കാർ പറയുന്നു. ശബരിമല സീസണായതിനാൽ വില പെട്ടെന്ന് കുറയാനിടയില്ലെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.






