
ന്യൂഡൽഹി: വേദാന്ത അതിന്റെ അർദ്ധചാലക പ്ലാന്റുകൾ ഗുജറാത്തിൽ സ്ഥാപിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അർദ്ധചാലക പദ്ധതികൾക്കായി കമ്പനി തായ്‌വാനിലെ ഫോക്‌സ്‌കോണുമായി ചേർന്ന് ഒരു സംയുക്ത സംരംഭം രൂപീകരിച്ചിരുന്നു. ഈ സംയുക്ത സംരംഭത്തിന്റെ ആദ്യ സുപ്രധാന ചുവടുവയ്പാണിത്.
അർദ്ധചാലക പ്ലാന്റുകൾ നിർമ്മിക്കുന്നതിനായി വേദാന്ത ഗുജറാത്ത് സർക്കാരിൽ നിന്ന് മൂലധനച്ചെലവും വിലകുറഞ്ഞ വൈദ്യുതിയും ഉൾപ്പെടെ സാമ്പത്തികവും സാമ്പത്തികേതരവുമായ സബ്‌സിഡികൾ നേടിയിട്ടുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പടിഞ്ഞാറൻ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദിന് സമീപം ഡിസ്‌പ്ലേ, അർദ്ധചാലക സൗകര്യങ്ങൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പദ്ധതിയുടെ പ്രോത്സാഹനത്തിനായി 99 വർഷത്തെ പാട്ടത്തിന് സൗജന്യമായി 1,000 ഏക്കർ (405 ഹെക്ടർ) ഭൂമിയും 20 വർഷത്തേക്ക് കുറഞ്ഞ നിരക്കിൽ വെള്ളവും വൈദ്യുതിയും വേദാന്ത ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ ഏപ്രിലിൽ റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാരും വേദാന്ത ഉദ്യോഗസ്ഥരും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചുകൊണ്ട് പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ അർദ്ധചാലക വിപണി 2026-ഓടെ 63 ബില്യൺ ഡോളറിലെത്തുമെന്ന് സർക്കാർ കണക്കാക്കുന്നു.