
ന്യൂഡൽഹി: കേരളത്തിൽ ഉൾപ്പെടെ ഉടൻ ഓട്ടം ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി അഥവാ റിസർവേഷൻ എഗെയ്ൻസ്റ്റ് ക്യാൻസലേഷൻ ഉണ്ടാവില്ല. ടിക്കറ്റ് പൂർണമായി കൺഫേം അല്ലെങ്കിലും യാത്രക്കാരെ ട്രെയിനിൽ പ്രവേശിക്കാൻ അനുവദിക്കുന്ന സൗകര്യമാണ് ആർഎസി. എല്ലാ സീറ്റുകളും ബെർത്തുകളും ബുക്ക്ഡ് ആണെങ്കിലും ടിക്കറ്റ് ആർഎസി ആണെങ്കിൽ ട്രെയിനിൽ പ്രവേശിക്കാനാകും.
എന്നാൽ, വന്ദേഭാരത് സ്ലീപ്പറിൽ ആർഎസിയോ വെയിറ്റിങ് ലിസ്റ്റോ ഉണ്ടാവില്ല. പൂർണമായും കൺഫേം ആയ ടിക്കറ്റ് മാത്രമേ അനുവദിക്കൂ. ആർഎസി ടിക്കറ്റ് ഉള്ളവർക്ക് ട്രെയിനിൽ സീറ്റ് ലഭിക്കുന്ന സൗകര്യമാണ് മറ്റ് ട്രെയിനുകളിലുള്ളത്.
ഏതെങ്കിലും കൺഫേംഡ് ടിക്കറ്റ് ക്യാൻസലായാൽ ആർഎസി ടിക്കറ്റുകാർക്ക് ആ സീറ്റ്/ബെർത്ത് കിട്ടും. വന്ദേഭാരത് സ്ലീപ്പറിൽ ഈ സൗകര്യം റെയിൽവേ ഒഴിവാക്കിയെന്ന് ഒരു ദേശീയ മാധ്യമമാണ് റിപ്പോർട്ട് ചെയ്തത്.
വന്ദേഭാരത് സ്ലീപ്പറിന്റെ ടിക്കറ്റ് നിരക്ക് രാജധാനി എക്സ്പ്രസിനേക്കാളും കൂടുതലായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ അടുത്തയാഴ്ച ഗുവാഹത്തി-ഹൗറ റൂട്ടിൽ ഓടിത്തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്യുക. നിലവിലെ എക്സ്പ്രസ് ട്രെയിനുകൾ ഈ റൂട്ടിലെടുക്കുന്നതിനേക്കാൾ 3 മണിക്കൂർ കുറഞ്ഞസമയത്തിനകം ഈ ട്രെയിൻ ലക്ഷ്യത്തിലെത്തുമെന്നാണ് കരുതുന്നത്.
വന്ദേഭാരത് സ്ലീപ്പറിൽ മിനിമം ടിക്കറ്റ് നിരക്ക് 400 കിലോമീറ്ററിനായിരിക്കും. അതായത്, 400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഒറ്റനിരക്കായിരിക്കും. വെയിറ്റിങ് ലിസ്റ്റ് ഉണ്ടാവില്ലെന്നതിനാൽ, കൺഫേം ആകാത്ത ടിക്കറ്റുകൾ ഓട്ടോമാറ്റിക്കായി ക്യാൻസലാകും. ആർഎസി ഉണ്ടാവില്ല.
അതേസമയം, സ്ത്രീകൾക്കും മുതിർന്ന വ്യക്തികൾക്കും പ്രത്യേക പരിഗണന ആവശ്യമായ വ്യക്തികൾക്കും റെയിൽവേ സ്റ്റാഫിനും സ്പെഷൽ ക്വോട്ട വന്ദേഭാരത് സ്ലീപ്പറിനുമുണ്ടാകും.
ടിക്കറ്റ് നിരക്ക് ഇങ്ങനെ
ജിഎസ്ടി കൂടാതെ കിലോമീറ്ററിന് 2.4 രൂപനിരക്കിലായിരിക്കും 3എസിക്ക് നിരക്കെന്ന് റിപ്പോർട്ട് പറയുന്നു. 2എസിക്ക് 3.1 രൂപ. ഫസ്റ്റ് എസിക്ക് 3.8 രൂപ. അതായത്, 400 കിലോമീറ്ററിന് താഴെുള്ള യാത്രയ്ക്ക് 3എസി ടിക്കറ്റ് നിരക്ക് 960 രൂപയായിരിക്കും. 2എസിക്ക് 1,240 രൂപ. ഫസ്റ്റ് എസിക്ക് 1,520 രൂപ.
രാജധാനി (ഉദാഹരണത്തിന് ഡൽഹി-മുംബൈ യാത്ര) 3എസിക്ക് കിലോമീറ്ററിന് 2.10 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2എസിക്ക് 2.85 രൂപ. ഫസ്റ്റ് എസിക്ക് 3.53 രൂപ.
ട്രെയിനിന്റെ കോച്ചും സ്പീഡും
ഗുവാഹത്തി-ഹൗറ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സ്ലീപ്പറിന് 11 കോച്ചുകൾ 3എസി ആയിരിക്കും. 2എസി 4 എണ്ണം. ഒരു ഫസ്റ്റ് എസിയും. 180 കിലോമീറ്റർ വരെ വേഗത്തിൽ പായാൻ ട്രെയിനിന് കഴിയും. എങ്കിലും സുരക്ഷ കണക്കിലെടുത്ത് 130 കിലോമീറ്റർ വരെ വേഗത്തിലാകും ട്രെയിൻ പായുക. രാജധാനിയുടെ വേഗം 80-90 കിലോമീറ്ററാണ്.






