
വാഷിംഗ്‌ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ കൂടുതല്‍ സമ്മർദ്ദ തന്ത്രങ്ങളുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ കഴിയുന്ന റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് യുഎസ് സെനറ്റർ ലിൻഡ്സേ ഗ്രഹാം പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കാൻ ഈ ബില്ലിലൂടെ ട്രംപിന് കഴിയും. ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് പിന്മാറാൻ ബില്ല് പ്രേരിപ്പിക്കും.
ഇതിലൂടെ യുക്രെയ്ൻ – റഷ്യ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ മേൽ 500 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ സാധിക്കുന്നതാണ് ബില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ 66 രാജ്യാന്തര സംഘടനകളിൽ നിന്ന് പിന്മാറാനുള്ള പ്രമേയത്തിൽ ട്രംപ് ഒപ്പുവെച്ചു. അമേരിക്കൻ താൽപര്യങ്ങൾ അനുസരിച്ച് പ്രവർത്തിക്കാത്ത 31 യുഎൻ, 35 യുഎൻ ഇതര സംഘടനകളിൽ നിന്നാണ് പിന്മാറ്റം.
ഇതോടെ ഈ സംഘടനകൾക്ക് നൽകി വന്നിരുന്ന സാമ്പത്തിക സഹായവും സഹകരണവും യുഎസ് അവസാനിപ്പിക്കും. അമേരിക്കൻ പൗരന്മാരുടെ നികുതി പണം ഉപയോഗിച്ച് യുഎസ് താൽപര്യങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണ് ഈ സംഘടനകളെന്നാണ് ആരോപണം.
ട്രംപിന്‍റെ പരാമർശങ്ങളെ തുടർന്ന് ഏഷ്യൻ, യുഎസ് വിപണികള്‍ കാര്യമായ നേട്ടമുണ്ടാക്കാതെയാണ് വ്യാപാരം പൂർത്തിയാക്കിയത്. ഡോ സൂചിക 466 പോയിന്‍റ് നഷ്ടത്തിലായി. നാസ്‍ഡാക്ക് 0.2 ശതമാനം നേട്ടത്തിലായി.
എസ് ആൻഡ് പി 0.34 ശതമാനം ഇടിവിലായിരുന്നു. ഏഷ്യൻ വിപണികള്‍ സമ്മിശ്ര പ്രകടനം കാഴ്ച്ച വെച്ചു. നിക്കി 0.58 ശതമാനം നഷ്ടത്തിലായിരുന്നു.






