
മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് നടപടികള്‍ ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. കമ്പനികള്‍ അവരുടെ വിപുലീകരണ പദ്ധതികള്‍ പുനഃപരിശോധിക്കുകയും കയറ്റുമതി തന്ത്രങ്ങള്‍ പുനര്‍നിര്‍ണയിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ചില ടെലികോം ഘടകങ്ങള്‍ തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ താല്‍ക്കാലികമായി ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും, 50 ശതമാനം തീരുവ വര്‍ധിപ്പിക്കാനുള്ള സാധ്യത ഇന്ത്യയുടെ വിലനിര്‍ണ്ണയ നേട്ടത്തെ ഇല്ലാതാക്കുകയാണ്.
പവര്‍ ബാങ്കുകള്‍ക്കായി ലിഥിയം-അയണ്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള മുനോത്ത് ഇന്‍ഡസ്ട്രീസ്, യുഎസ് ഇലക്ട്രോണിക്‌സ് കമ്പനിയായ അങ്കറിന് പ്രതിമാസം ഒരു ദശലക്ഷം സെല്ലുകള്‍ വരെ വിതരണം ചെയ്യുന്നതിനുള്ള കരാറില്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു.
കമ്പനിയുടെ അഭിപ്രായത്തില്‍, ഈ കയറ്റുമതികള്‍ ആഭ്യന്തര വിപണിയിലുള്ളതിനേക്കാള്‍ ഇരട്ടി ലാഭം നല്‍കുന്നവയാണ്. നിലവില്‍, ലിഥിയം സെല്ലുകളെ താരിഫുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം ഈ നയത്തിലെ ഏത് മാറ്റവും യുഎസ് ബിസിനസിനെ മറ്റ് വിതരണക്കാരിലേക്ക് മാറാന്‍ പ്രേരിപ്പിച്ചേക്കാം. ഇത് കമ്പനിയുടെ വരുമാന പ്രവചനങ്ങളെ ബാധിക്കും, കമ്പനി വൈസ് ചെയര്‍മാന്‍ ജസ്വന്ത് മുനോത്ത് മുന്നറിയിപ്പ് നല്‍കി.
മുനോത്തിന്റെ ഉല്‍പ്പാദന ശേഷിയുടെ ഏകദേശം 25 ശതമാനം യുഎസ് വിപണിക്കായി നീക്കിവച്ചിട്ടുണ്ടെന്ന കാര്യം ശ്രദ്ധേയമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ കരാര്‍ നിര്‍മ്മാതാക്കളില്‍ ഒന്നായ ഡിക്‌സണ്‍ ടെക്‌നോളജീസ്, 2027 സാമ്പത്തിക വര്‍ഷത്തോടെ യുഎസിലേക്കുള്ള മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍, പ്രത്യേകിച്ച് അവരുടെ ക്ലൈന്റായ മോട്ടറോളയ്ക്ക് ഉത്പന്നങ്ങള്‍ നല്‍കുന്നതില്‍ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു. സെമികണ്ടക്ടര്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ താരിഫ് തീരുമാനങ്ങള്‍ ഈ മാസം അവസാനം പ്രഖ്യാപിക്കുന്നതിനാല്‍ കമ്പനി ഇപ്പോഴും പ്രതീക്ഷയിലാണ്.
വ്യവസായ കണക്കുകള്‍ പ്രകാരം, നിലവില്‍ യുഎസ് താരിഫുകളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള ഇലക്ട്രോണിക്സിന്റെ മൂല്യം ഏകദേശം 50 ബില്യണ്‍ ഡോളറാണ്.
എന്നിരുന്നാലും, ബാറ്ററി ചാര്‍ജറുകള്‍, ഇലക്ട്രിക് ഇന്‍വെര്‍ട്ടറുകള്‍, ട്രാന്‍സ്ഫോര്‍മര്‍ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ 14 ഉല്‍പ്പന്ന വിഭാഗങ്ങള്‍ ഇതിനകം തന്നെ പൂര്‍ണ്ണമായ 50 ശതമാനം തീരുവ നേരിടുന്നുണ്ട്.
വിദഗ്ധരുടെ അഭിപ്രായത്തില്‍, താരിഫ് ഹ്രസ്വകാല വരുമാനത്തെ ബാധിക്കുകയും ആഗോള ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ മന്ദഗതിയിലാക്കുകയും ചെയ്യും.
യുഎസ് വിപണിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും യൂറോപ്പ്, തെക്കുകിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വൈവിധ്യവത്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയാണ് ഇപ്പോള്‍ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍.