
ന്യൂഡല്‍ഹി: യുഎസ് ചുമത്തിയ 50 ശതമാനം ഇറക്കുമതിത്തീരുവയുടെ ആഘാതം അനുഭവിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ സഹായിക്കാൻ സമഗ്ര സാമ്പത്തിക പാക്കേജ് കൊണ്ടുവരുന്നതിനുള്ള നടപടികളിലാണ് സർക്കാരെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. തീരുവ വിവിധ മേഖലകളെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തുകയാണെന്നും വാർത്താ ഏജൻസിയായ ‘പിടിഐ’യ്ക്കുനല്‍കിയ അഭിമുഖത്തില്‍ അവർ പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിൻറെ പേരില്‍ ഓഗസ്റ്റ് 27-ന് യുഎസ് 25 ശതമാനം പിഴച്ചുങ്കം പ്രാബല്യത്തിലാക്കിയതോടെയാണ് ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമായത്. തുന്നിയ വസ്ത്രം, തുണിത്തരങ്ങള്‍, ആഭരണം, ചെമ്മീൻ, തുകല്‍, ചെരിപ്പ്, മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് ഇതു പ്രധാനമായും ബാധിക്കുക. ഈ മേഖലകളുമായി ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ കയറ്റുമതിക്കാരോട് തീരുവയുടെ ആഘാതത്തെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
2024-25 സാമ്പത്തികവർഷം ഇന്ത്യയുടെ കയറ്റുമതിയുടെ 20 ശതമാനം യുഎസിലേക്കായിരുന്നു. 2021-22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. അതിനിടെ, ചരക്ക്-സേവന നികുതി (ജിഎസ്ടി) കുറയ്ക്കല്‍ പ്രാവർത്തികമാക്കുന്നത് താൻ നേരിട്ടു നിരീക്ഷിക്കുമെന്ന് നിർമലാ സീതാരാമൻ പറഞ്ഞു. ജിഎസ്ടി രണ്ടു സ്ലാബാക്കിയതോടെ നാനൂറോളം ഉത്പന്നങ്ങളുടെ വിലയില്‍ കുറവുണ്ടാകും. ഇളവ് ഈ മാസം 22-ന് പ്രാബല്യത്തില്‍വരും