
ന്യൂഡൽഹി: ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ യൂറിയ ഇറക്കുമതി ഇരട്ടിയിലധികം വര്‍ദ്ധിച്ച് 58.62 ലക്ഷം ടണ്ണായതായി സര്‍ക്കാര്‍. വേനല്‍ക്കാല വിതയ്ക്കല്‍ സീസണില്‍ കര്‍ഷകര്‍ക്ക് ആവശ്യത്തിന് വളങ്ങളുടെ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രാലയം വ്യക്തമാക്കി.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് 17.5 ലക്ഷം ടണ്‍ ഇറക്കുമതിയാണ് ഉണ്ടാകുന്നത്. ഖാരിഫ് സീസണില്‍ രാജ്യത്തുടനീളം യൂറിയ ഉള്‍പ്പെടെയുള്ള വളങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. യൂറിയയുടെ ലഭ്യത 185.39 ലക്ഷം ടണ്‍ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനത്ത് 230.53 ലക്ഷം ടണ്‍ എത്തിച്ചു.
വില്‍പ്പന 193.20 ലക്ഷം ടണ്ണായി. ഇന്ത്യയിലുടനീളം ആവശ്യത്തിന് യൂറിയ ലഭ്യത ഇത് പ്രതിഫലിപ്പിക്കുന്നു.
2024 ലെ ഖാരിഫിനെ അപേക്ഷിച്ച് 2025 ലെ ഖാരിഫില്‍ കര്‍ഷകര്‍ കൂടുതല്‍ യൂറിയ ഉപയോഗിച്ചു, ഏകദേശം 4.08 ലക്ഷം ടണ്‍. ഇറക്കുമതിയിലുണ്ടായ വര്‍ധന 2025 ലെ ഖാരിഫ് സീസണില്‍ യൂറിയയുടെ വര്‍ദ്ധിച്ച ആവശ്യം നിറവേറ്റുക മാത്രമല്ല, വരാനിരിക്കുന്ന റാബി സീസണിലേക്ക് ആവശ്യമായ ബഫര്‍ സ്റ്റോക്കുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുകയും ചെയ്തുവെന്ന് വകുപ്പ് അറിയിച്ചു.
ഒക്ടോബറില്‍ ആഭ്യന്തര യൂറിയ ഉത്പാദനം 26.88 ലക്ഷം ടണ്ണിലെത്തി, കഴിഞ്ഞ വര്‍ഷം ഇതേ മാസത്തേക്കാള്‍ 1.05 ലക്ഷം ടണ്‍ കൂടുതലാണിത്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ശരാശരി പ്രതിമാസ ഉത്പാദനം 25 ലക്ഷം ടണ്ണായി തുടര്‍ന്നു.






