
ന്യൂഡെല്‍ഹി: 2025 ജൂണ്‍ 16 മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് വേഗം കൂടും. വിവിധ യുപിഐ സേവനങ്ങള്‍ക്കുള്ള പ്രതികരണ സമയം കുറയ്‌ക്കുമെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പ്രഖ്യാപിച്ചു.
ഉപയോക്താക്കള്‍ക്ക് സുഗമവും വേഗതയേറിയതുമായ പേമെന്റ് അനുഭവം നല്‍കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
ജൂണ്‍ 16 മുതല്‍ യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കുമ്പോഴോ പേമെന്റ് ചെയ്യുമ്പോഴോ കൂടുതല്‍ വേഗത്തിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാമെന്ന് എന്‍പിസിഐ പറഞ്ഞു.
ഇടപാടിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള പ്രതികരണ സമയം 30 സെക്കന്‍ഡില്‍ നിന്ന് വെറും 10 സെക്കന്‍ഡായി കുറയ്‌ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതുപോലെ, യുപിഐ പേമെന്റ് റിവേഴ്സ് ചെയ്യുന്നതിന്റെയും പ്രതികരണ സമയം 30 സെക്കന്‍ഡില്‍ നിന്ന് 10 സെക്കന്‍ഡിലേക്ക് കുറയും. പണം അയയ്‌ക്കുന്നതിനോ സ്വീകരിക്കുന്നതിനോ ഉള്ള പ്രതികരണ സമയം 30 സെക്കന്‍ഡില്‍ നിന്ന് 15 സെക്കന്‍ഡായും കുറയും. യുപിഐ പേമെന്റ് ചെയ്യേണ്ടയാളുടെ അഡ്രസ് സാധൂകരിക്കാന്‍ ഉള്ള സമയം 15 ല്‍ നിന്ന് 10 സെക്കന്‍ഡായാവും കുറയുക.
ഇപ്പോള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങളിലൊന്നാണ് യുപിഐ. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് എന്‍പിസിഐ, ബാങ്കുകളോടും പേമെന്റ് സേവന ദാതാക്കളോടും അവരുടെ സംവിധാനങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
ഏപ്രില്‍ 12 ന് യുപിഐ ഉപയോക്താക്കള്‍ക്ക് പേമെന്റുകള്‍ നടത്തുമ്പോള്‍ സാങ്കേതിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സാങ്കേതിക അപ്‌ഡേറ്റുകളിലൂടെ യുപിഐ സംവിധാനത്െ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ എന്‍പിസിഐ തീരുമാനിച്ചത്.