
രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ നട്ടെല്ലായ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) സേവനങ്ങളില്‍ വ്യാപകമായ തടസം നേരിട്ടതായി റിപ്പോര്‍ട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), യുക്കോ ബാങ്ക് (UCO Bank) തുടങ്ങിയ പ്രമുഖ ബാങ്കുകളുടെ ഉപഭോക്താക്കളാണ് പണമിടപാടുകള്‍ നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് സേവനങ്ങളില്‍ തടസം നേരിട്ടു തുടങ്ങിയത്. ഗൂഗിള്‍ പേ (Google Pay), ഫോണ്‍ പേ (PhonePe), പേയ്ടിഎം (Paytm) തുടങ്ങിയ ജനപ്രിയ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ‘സെര്‍വര്‍ ബിസി’ (Server Busy) സന്ദേശമാണ് പലര്‍ക്കും ലഭിച്ചത്. പേയ്മെന്റുകള്‍ പരാജയപ്പെടുന്നതിനൊപ്പം അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനും സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പരാതിപ്പെട്ടു.
എസ്ബിഐ, യുക്കോ ബാങ്ക് എന്നിവയ്ക്ക് പുറമെ മറ്റ് ചില പൊതുമേഖലാ ബാങ്കുകളിലെയും സ്വകാര്യ ബാങ്കുകളിലെയും ഇടപാടുകളെ ബാധിച്ചു.
നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) സെര്‍വറിലുണ്ടായ സാങ്കേതിക തകരാറാണോ അതോ ബാങ്കുകളുടെ സിസ്റ്റത്തിലെ പ്രശ്‌നമാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം, നേരത്തെ നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണികളുടെ (maintenance activity) സമയം രാവിലെ 11:00 മുതല്‍ 12.30 വരെയായി പുതുക്കിയതായി എസ്ബിഐ (SBI) അറിയിച്ചിരുന്നു.
ഈ സമയത്ത് യുപിഐ, ഐഎംപിഎസ്, യോനോ, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് എന്നീ സേവനങ്ങളില്‍ തടസങ്ങള്‍ അനുഭവപ്പെട്ടേക്കാമെന്നും എക്‌സിലെ (X) പോസ്റ്റിലൂടെ എസ്ബിഐ അറിയിച്ചു.
ഈ സമയയളവില്‍ യുപിഐ ലൈറ്റ് (UPI Lite), എടിഎം സേവനങ്ങള്‍ എന്നിവ ഉപയോഗിക്കാനും ബാങ്ക് ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചിരുന്നു.
പലയിടങ്ങളിലും പണം അക്കൗണ്ടില്‍ നിന്ന് കുറയുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്ക് ലഭിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.






