
ന്യൂഡല്‍ഹി: ഒക്ടോബറില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ആവാസവ്യവസ്ഥ പ്രധാന നാഴികക്കല്ല് പിന്നിട്ടു. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ചജഇക) നിയന്ത്രിക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ, ദൈനംദിന ഇടപാടുകള്‍ രേഖപ്പെടുത്തുകയായിരുന്നു. ഒക്ടോബറില്‍ യുപിഐ 20.70 ബില്യണ്‍ ഇടപാടുകളാണ് പ്രോസസ് ചെയ്തത്. ഇത് ഒരു റെക്കോര്‍ഡാണ്.
സെപ്തംബറിലെ ഇടപാടുകള്‍ 19.63 ബില്യണും ഓഗസ്റ്റിലേത് 20..1 ബില്യണുമായിരുന്നു. കഴിഞ്ഞമാസത്തെ മൊത്തം ഇടപാട് മൂല്യം 27.28 ലക്ഷം കോടി രൂപ. സെപ്റ്റംബറില്‍ 24.90 ലക്ഷം കോടിയും ഓഗസ്റ്റില്‍ 24.85 ലക്ഷം കോടിയും ആയിരുന്ന സ്ഥാനത്താണിത്. വാര്‍ഷികാടിസ്ഥാനത്തില്‍, യുപിഐയുടെ ഇടപാട് അളവ് 25 ശതമാനവും മൂല്യം 16 ശതമാനവും വളര്‍ന്നു.
ഒക്ടോബര്‍ 18 ന് നടന്ന 754.37 ദശലക്ഷമാണ് എക്കാലത്തേയും ഉയര്‍ന്ന പ്രതിദിന യുപിഐ ഇടപാടുകള്‍. കഴിഞ്ഞമാസത്തിലെ ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 668 ദശലക്ഷവും ശരാശരി പ്രതിദിന ഇടപാട് മൂല്യം 87,993 കോടി രൂപയുമാണ്. ഉത്സവ സീസണായതിനാലാണ് ഇടപാടുകള്‍ വര്‍ദ്ധിച്ചത്.






