
ന്യൂഡല്‍ഹി: നിര്‍ബന്ധിത പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മീഷണര്‍ക്ക് മുന്‍പില്‍ ഹാജരാകാന്‍ ആമസോണിന് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ‘ബന്ധപ്പെട്ട വിഷയത്തില്‍ എല്ലാ രേഖകളും സഹിതം വ്യക്തിപരമായോ പ്രതിനിധി മുഖേനയോ ഓഫീസില്‍ ഹാജരാകാന്‍ അഭ്യര്‍ത്ഥിക്കുന്നു,ചൊവ്വാഴ്ച പുറത്തിറക്കിയ നോട്ടീസില്‍ മന്ത്രാലയം പറയുന്നു. ബെംഗളൂരുവിലെ ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ക്ക് മുന്‍പിലാണ് ഹാജരാകേണ്ടത്.
തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് നസന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ് സെനറ്റ് (എന്‍ഐടിഇഎസ്) നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ജീവനക്കാരെ നിര്‍ബന്ധിത പിരിച്ചുവിടലിന് വിധേയമാക്കുകയായിരുന്നെന്ന് എന്‍ഐടിഇഎസ് പറയുന്നു. സ്വമേധയാ വേര്‍പിരിയല്‍ പ്രോഗ്രാം സമയപരിധി നവംബര്‍ 30 വരെയാണ്.
സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാന്‍ നിയമം അനുവദിക്കുന്നില്ലെന്നും യൂണിയന്‍ വാദിച്ചു. നീതി ലഭ്യമാകും വരെ പോരാടാനാണ് തീരുമാനം. 10,000 ത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങുകയാണ് കമ്പനിയെന്നാണ് റിപ്പോര്‍ട്ട്.
2023 വരെ പിരിച്ചുവിടല്‍ തുടരുമെന്നും വൃത്തങ്ങള്‍ പറയുന്നു.