
ന്യൂഡൽഹി: പ്രധാനമന്ത്രി ധന-ധാന്യ കൃഷിയോജനയ്ക്ക് അംഗീകാരം നൽകി, കാർഷിക ജില്ലകളുടെ വികസനത്തിന് 24000 കോടി രൂപ അനുവദിച്ച് കേന്ദ്ര മന്ത്രിസഭ. നിലവിലുള്ള 36 പദ്ധതികൾ സംയോജിപ്പിച്ച് 100 ഇടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞത് ഒരു ജില്ലയെങ്കിലും തിരഞ്ഞെടുക്കും എന്നാണ് വിവരം.
ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. നിലവിൽ 11 മന്ത്രാലയങ്ങളിലായി ചിതറിക്കിടക്കുന്ന 36 പദ്ധതികൾ സംയോജിപ്പിച്ചാണ് പുതിയ പദ്ധതി നടപ്പിലാക്കുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 100 ജില്ലകളിലായാണ് പദ്ധതി നടപ്പിലാക്കുക. ഒരുകോടി എഴുപതുലക്ഷം കർഷകർക്ക് ഈ പദ്ധതി ഗുണംചെയ്യും എന്നാണ് സർക്കാരിന്റെ അവകാശവാദം.
2025-ൽ തുടങ്ങി ആറുകൊല്ലത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വേണ്ടിയുള്ള എല്ലാവിധ സഹായങ്ങളും സംരംഭങ്ങളും സർക്കാർ ഒരുക്കും.
ഹരിത ഊർജ ഉദ്പാദനരംഗത്തെ ഇരുപതിനായിരം കോടി രൂപയാണ് കേന്ദ്രമന്ത്രിസഭ നീക്കിവെച്ചിരിക്കുന്നത്. എൻഡിപിസിയുടെ കീഴിലുള്ള എൻഡിപിസി ഗ്രീൻ ലിമിറ്റഡിനാണ് ഈ പണം അനുവദിച്ചിരിക്കുന്നത്.