
ന്യൂഡൽഹി: രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയും ഉത്പാദനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരുന്ന ബഡ്ജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാൻ വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടുവെന്ന് റിപ്പോർട്ട്.
ഈ വർഷം ജൂലായിൽ കറന്റ് അക്കൗണ്ട് കമ്മിയും സ്വർണ ഇറക്കുമതിയും നിയന്ത്രിക്കുന്നതിനായി കേന്ദ്രം സ്വർണ ഇറക്കുമതി തീരുവ 10.75 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു.
സ്വർണത്തിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ 12.5ശതമാനമാണ്. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് 2.5 ശതമാനത്തിനൊപ്പം സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനം ആയിരിക്കും.
“രത്ന-ആഭരണ വ്യവസായം തീരുവ വെട്ടിക്കുറയ്ക്കാൻ വാണിജ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ഇത് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്പാദനവും കയറ്റുമതിയും വർദ്ധിപ്പിക്കുന്നതിന് മറ്റ് ചില ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ മാറ്റം വരുത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.