
അബുദാബി: ഇന്ത്യയിലെ വിവിധ മേഖലകളിൽ 10,00 കോടി ഡോളറിന്റെ നിക്ഷേപം യുഎഇ നടത്തിയതായി ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. പുനരുപയോഗ ഊർജം, ടെലികോം, അടിസ്ഥാന സൗകര്യ വികസനം, ഭവന നിർമാണം, സ്റ്റാർട്ടപ് തുടങ്ങി വ്യത്യസ്ത മേഖലകളിലാണ് നിക്ഷേപിച്ചത്.
ഇന്ത്യ–യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം പൂർവാധികം ശക്തിപ്പെട്ടതായും പറഞ്ഞു.
കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (ക്രെഡായ്) ത്രിദിന വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്ഥാനപതി.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ റിയൽഎസ്റ്റേറ്റ് മേഖലാ കമ്പനികളും മുന്നോട്ടുവരണമെന്നും സ്ഥാനപതി ആവശ്യപ്പെട്ടു.
ഷെയ്ഖ് മുഹമ്മദ് ബിൻ നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, അബുദാബി ഹിന്ദു മന്ദിർ ഇന്റർനാഷനൽ റിലേഷൻ മേധാവി സ്വാമി ബ്രഹ്മ വിഹാരി ദാസ്, ക്രെഡായ് പ്രസിഡന്റ് ഹർഷ് വർധൻ പട്ടോഡിയ, നിയുക്ത പ്രസിഡന്റ് ബൊമൻ ഇറാനി, ചെയർമാൻ സതീഷ് മഗർ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.