സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

പുതുവർഷത്തിൽ ടിവി വില ഉയർന്നേക്കും

മുംബൈ: ജനുവരി മുതൽ ഇന്ത്യൻ ഉപഭോക്താക്കൾ ടെലിവിഷനുകൾക്ക് കൂടുതൽ വില നൽകേണ്ടി വന്നേക്കും. മെമ്മറി ചിപ്പുകളുടെ വിലയിലുണ്ടായ വർധനയും ക്ഷാമവും, ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 90 കടന്ന് റിക്കാർഡ് നിലയിലേക്ക് ഇടിഞ്ഞതുമാണ് പുതുവർഷാരംഭം മുതൽ വില ഉയരാനുണ്ടായ പ്രധാന കാരണങ്ങൾ.

എൽഇഡി, സ്മാർട്ട് ടിവികളുടെ വില ജനുവരി മുതൽ 3 ശതമാനം മുതൽ 10 ശതമാനം വരെ ഉയരാൻ സാധ്യതയുളളതായി ഈ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നു. ജിഎസ്ടി നിരക്കുകൾ കുറച്ചതുമൂലം വിപണിയിലുണ്ടായ ഉണർവിനെ തളർത്തുന്നതാണിത്. പുതുവർഷം മുതലുണ്ടാകുന്ന വിലവർധനവിനെ സംബന്ധിച്ച് പല നിർമാതാക്കളും ഡീലർമാർക്ക് ഇതിനോടകം അറിയിപ്പ് നൽകിയിട്ടുണ്ട്.

ചിപ്പുകൾക്കു ക്ഷാമം
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെർവറുകൾക്ക് വേണ്ട ഹൈ-ബാൻഡ്‌വിഡ്ത്ത് മെമ്മറി (എച്ച്ബിഎം) ചിപ്പുകളുടെ ആവശ്യം കുത്തനെ ഉയർന്നതോടെ, ആഗോളതലത്തിൽ മെമ്മറി ചിപ്പുകൾക്ക് കടുത്ത ക്ഷാമമാണ് വില ഉയരാനുള്ള പെട്ടെന്നുണ്ടായ കാരണം. ചിപ്പ് നിർമാതാക്കൾ ഉയർന്ന ലാഭമുള്ള എഐ ഉത്പന്നങ്ങൾക്ക് മുൻഗണന നൽകി.

ഇത് ടെലിവിഷൻ പോലുള്ള പരന്പരാഗത ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾക്കായുള്ള ചിപ്പുകളുടെ വിതരണത്തിൽ വലിയ കുറവുണ്ടാക്കി. ഇത് ഡിആർഎഎം, ഫ്ലാഷ് മെമ്മറി എന്നിവയുടെ വില കുത്തനെ ഉയരാൻ ഇടയാക്കി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മെമ്മറി ചിപ്പുകളുടെ വില 500 ശതമാനം വരെ വർധിച്ചതായാണ് റിപ്പോർട്ടുകൾ.

രൂപയുടെ ഇടിവ്
എൽഇഡി ടിവി നിർമാണത്തിൽ ആഭ്യന്തര പങ്കാളിത്തം വെറും 30 ശതമാനം മാത്രമാണ്. ഈ മേഖല ഇറക്കുമതിയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഓപ്പണ്‍ സെല്ലുകൾ, സെമികണ്ടക്ടർ ചിപ്പുകൾ, മദർബോർഡുകൾ തുടങ്ങിയ മുഖ്യ ഘടകങ്ങൾ വിദേശത്തുനിന്നാണ് എത്തുന്നത്. രൂപയുടെ മൂല്യം ഡോളറിനെതിരേ 90 കടന്നതോടെ ഇറക്കുമതി ചെലവ് ഗണ്യമായി വർധിച്ചു.

ജിഎസ്ടി നേട്ടം ഇല്ലാതാകും
അടുത്തിടെ 32 ഇഞ്ചിന് മുകളിലുള്ള ടിവി സ്ക്രീനുകളുടെ ജിഎസ്ടി 28 ശതമാനത്തിൽനിന്ന് 18 ശതമാനം ആയി കുറച്ചതിലൂടെ ടിവി വ്യവസായത്തിൽ വലിയ ഉണർവുണ്ടായിരുന്നു. വില വർധിക്കുന്നതോടെ ഉപഭോക്താക്കൾക്ക് ലഭിച്ച ജിഎസ്ടി നിരക്കു കുറച്ചതിലൂടെ ലഭിച്ച ഗുണഫലങ്ങൾ ഇല്ലാതാകാൻ സാധ്യതയുണ്ട്.

X
Top