
ഈ വർഷം ആഗോള സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പിൽ ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ബിസിനസ്സ് വികാരത്തെ തകർത്തുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മൂന്ന് മാസം മുമ്പ്, ഏകദേശം 50 സമ്പദ്‌വ്യവസ്ഥകളെ പ്രതിനിധീകരിക്കുന്ന അതേ സാമ്പത്തിക വിദഗ്ധരുടെ സംഘം, ആഗോള സമ്പദ്‌വ്യവസ്ഥ ശക്തമായതും സ്ഥിരതയുള്ളതുമായ നിലയിൽ വളരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാൽ എല്ലാ യുഎസ് ഇറക്കുമതികൾക്കും തീരുവ ചുമത്തി ലോക വ്യാപാരം പുനർനിർമ്മിക്കാനുള്ള ട്രംപിന്റെ നീക്കം സാമ്പത്തിക വിപണികളിൽ വലിയ ആഘാത തരംഗങ്ങൾ സൃഷ്ടിച്ചു, ഓഹരി വിപണി മൂല്യത്തിൽ നിന്ന് ട്രില്യൺ കണക്കിന് ഡോളറിനെ തുടച്ചുനീക്കി, ഡോളർ ഉൾപ്പെടെയുള്ള യുഎസ് ആസ്തികൾ ഒരു സുരക്ഷിത താവളമാണെന്ന നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തന്നെ ഇളക്കിമറിച്ചു.
മിക്കവാറും എല്ലാ വ്യാപാര പങ്കാളികൾക്കും ഏർപ്പെടുത്തിയ ഏറ്റവും വലിയ താരിഫുകൾ ട്രംപ് ഏതാനും മാസത്തേക്ക് നിർത്തിവച്ചിട്ടുണ്ടെങ്കിലും , 10% ബ്ലാങ്കറ്റ് ഡ്യൂട്ടി ഇപ്പോഴും നിലനിൽക്കുന്നു. അതുപോലെ തന്നെ അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയ്ക്ക് മേലുള്ള 145% താരിഫും നിലനിൽക്കുന്നു.
“പരസ്പര താരിഫുകൾ എന്താണെന്ന് അറിയാത്ത കമ്പനികൾക്ക് ഇപ്പോൾ ജൂലൈയെക്കുറിച്ച് ചിന്തിക്കാൻ പോലും പ്രയാസമാണ്. അടുത്ത ഒരു വർഷം, അത് എങ്ങനെയിരിക്കുമെന്ന് ആർക്കാണ് അറിയുക” ടിഡി സെക്യൂരിറ്റീസിലെ ഗ്ലോബൽ മാക്രോ സ്ട്രാറ്റജി മേധാവി ജെയിംസ് റോസിറ്റർ ചോദിക്കുന്നു.
വർദ്ധിച്ചുവരുന്ന അനിശ്ചിതത്വങ്ങളും ഉയർന്ന ഇറക്കുമതി തീരുവകളും കാരണം, പല ആഗോള ബിസിനസുകളും വരുമാന പ്രവചനങ്ങൾ പിൻവലിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
ഏപ്രിൽ 1 മുതൽ 28 വരെ നടന്ന വോട്ടിങ്ങിൽ പോൾ ചെയ്ത 300-ലധികം സാമ്പത്തിക വിദഗ്ധരും താരിഫുകൾ ബിസിനസ് വികാരത്തെ നല്ല രീതിയിൽ സ്വാധീനിച്ചു എന്നാണ് പറഞ്ഞത്.