
ന്യൂഡല്‍ഹി: വ്യാപാര അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യന്‍ ഇറക്കുമതിയ്ക്ക് മേല്‍ 25 ശതമാനം തീരുവയും അധിക പിഴയും പ്രഖ്യാപിച്ചു. ഇത് 2025 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം നീക്കം അന്തിമ നയ തീരുമാനമായിട്ടല്ല, മറിച്ച് മെച്ചപ്പെട്ട വ്യാപാര ഇളവുകള്‍ നേടിയെടുക്കാനുള്ള തന്ത്രമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.
താരിഫ് മെച്ചപ്പെട്ട കരാര്‍ സാധ്യമാക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമാണെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പ്രതികരിച്ചു. താരിഫും പിഴയും നിര്‍ണ്ണായക നിലപാട് എന്നതിനേക്കാള്‍ ഒരു പ്രാരംഭ വിലപേശല്‍ തന്ത്രമായാണ് അദ്ദേഹം കാണുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ട്രമ്പിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്. നിര്‍ദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) ചര്‍ച്ചകള്‍ക്കായി യുഎസ് പ്രതിനിധി സംഘം ഈ മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കയാണ്. അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ജൂലൈ ആദ്യം വാഷിംഗ്ടണില്‍ നടന്നിരുന്നു.
പുതിയ താരിഫ് ഘടന പ്രകാരം, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ് ഇന്ത്യ നേരിടുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ 25 ശതമാനം യുഎസുമായി ഭാഗിക കരാറുകളില്‍ എത്തിയ രാജ്യങ്ങളുടേതിനേക്കാള്‍ കൂടുതലാണ് – യൂറോപ്യന്‍ യൂണിയന്‍ (15 ശതമാനം), യുകെ (10 ശതമാനം), ഇന്തോനേഷ്യ (19 ശതമാനം), ഫിലിപ്പീന്‍സ് (20 ശതമാനം), വിയറ്റ്‌നാം (20 ശതമാനം) എന്നിങ്ങനെയാണ് ഇത്.
ചൈന മാത്രമാണ് 30 ശതമാനം താരിഫ് നിരക്ക് നേരിടുന്നത്. കൂടാതെ ഇന്ത്യയോടൊപ്പം മലേഷ്യയും 25 ശതമാനം നിരക്ക് നേരിടുന്നു. എന്നിരുന്നാലും, ബംഗ്ലാദേശ് (37%), ശ്രീലങ്ക (44%) തുടങ്ങിയ രാജ്യങ്ങള്‍ക്ക് ചുമത്തിയതിനേക്കാള്‍ കുറഞ്ഞ താരിഫുകളാണ് ഇന്ത്യ നേരിടുന്നത്.