
ചെന്നൈ: മറൈമലൈ നഗറിലെ തങ്ങളുടെ നിര്‍മ്മാണ പ്ലാന്റ് തുറക്കാനുള്ള തീരുമാനം ഫോര്‍ഡ് മോട്ടോര്‍ കമ്പനി പിന്‍വലിച്ചേയ്ക്കും. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവയുടെ പശ്ചാത്തലത്തിലാണിത്. വാഹനങ്ങളും ഘടകങ്ങളും കയറ്റുമതി ചെയ്യുന്നത് ഫോര്‍ഡിന്റെ പ്രധാന വരുമാനമായിരുന്നു. മാറിയ പരിതസ്ഥിതിയില്‍ പ്ലാന്റ് സാമ്പത്തികമായി ലാഭകരമാകില്ല.
കയറ്റുമതി അധിഷ്ഠിതമായി ചെന്നൈ പ്ലാന്റ് ഉപയോഗിക്കാനായിരുന്നു ഫോര്‍ഡ് പദ്ധതിയിട്ടിയിരുന്നത്. താരിഫ് മൂലമുണ്ടാകുന്ന വര്‍ദ്ധിച്ച ചെലവുകള്‍ കാരണം, ആ തന്ത്രം ഇനി ഫലവത്താകില്ല. അതുകൊണ്ടുതന്നെ പ്ലാന്റ് പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ നിന്നും കമ്പനി പിന്മാറിയേക്കും. ഇതിനായി ഫോര്‍ഡ് എക്‌സിക്യൂട്ടീവുകള്‍ ഉടന്‍ യോഗം ചേരും.
മാത്രമല്ല, കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ യൂറോപ്പ് കേന്ദ്രീകൃതമാണ്. ജര്‍മ്മനിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി 4.4 ബില്യണ്‍ രൂപ വാഗ്ദാനം ചെയ്തു. യുകെയില്‍ ഇതിനകം ഒരു പ്ലാന്റ് പ്രവര്‍ത്തിക്കുന്നുമുണ്ട്.
ചെന്നൈയില്‍ കമ്പനി അതിന്റെ ബിസിനസ് സര്‍വീസസ് ഡിവിഷന്‍ പ്രവര്‍ത്തിപ്പിക്കുന്നത് തുടരുന്നു. ഈ ഡിവിഷന്‍ ഏകദേശം 12,000 ആളുകള്‍ക്ക് നിയമനം നല്‍കിയിട്ടുണ്ട്. കൂടാതെ ഫോര്‍ഡിന്റെ ആഗോള സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഫിനാന്‍സ്, അക്കൗണ്ടിംഗ്, ഡാറ്റ അനലിറ്റിക്‌സ് സേവനങ്ങളും ഇവിടെയാണ് നടക്കുന്നത്.