പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

തീരുവയെ ‘വേഷം മാറ്റി’ കൊണ്ടുവരാൻ ട്രംപ്

ന്യൂയോർക്ക്: സുപ്രീം കോടതി അസാധുവാക്കിയ പകരംതീരുവയെ പൂർണമായും ‘മറ്റൊരു രൂപത്തിൽ’ തിരിച്ചുകൊണ്ടുവരാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘നമുക്ക് ട്രില്യൻ കണക്കിന് വരുമാനം കിട്ടേണ്ട പകരം തീരുവയാണ് കോടതി എടുത്തുകളഞ്ഞത്.

ആ രാജ്യങ്ങളെ കോടതി ഹാപ്പിയാക്കി. പക്ഷേ, എന്റെ നിലപാട് കോടതിക്ക് അറിയാം. കോടതി ചൂണ്ടിക്കാട്ടിയതുപോലെ തന്നെ തീരുവ ഞാൻ തിരിച്ചുകൊണ്ടുവരും, മറ്റൊരു രൂപത്തിൽ. എനിക്കതിന് അവകാശമുണ്ട്’’ – ട്രംപ് പറഞ്ഞു.

കഴിഞ്ഞമാസമാണ് യുഎസ് സുപ്രീം കോടതി പകരം തീരുവ നിയമവിരുദ്ധമാണെന്നും ട്രംപിന്റേത് ഇല്ലാത്ത അധികാരപ്രയോഗമാണെന്നും ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. ഇത് ട്രംപിന് കനത്ത അടിയായി.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ സമ്മർദത്തിലാക്കാൻ ട്രംപ് ആവേശത്തോടെ പ്രയോഗിച്ചുവന്ന ആയുധവുമാണ് കോടതിയുടെ ഒറ്റ ഉത്തരവിലൂടെ പൊളിഞ്ഞത്. ദശാബ്ദങ്ങളായി അമേരിക്കയുമായുള്ള വ്യാപാരത്തിൽ അന്യായമായി സാമ്പത്തികനേട്ടം സ്വന്തമാക്കിവന്ന രാജ്യങ്ങളെയാണ് സുപ്രീം കോടതി സന്തോഷത്തിലാക്കിയതെന്ന് ട്രംപ് വിമർശിച്ചു.

പകരംതീരുവ ‘വളഞ്ഞവഴിക്ക്’ തിരികെക്കൊണ്ടുവരാനായി ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്കുമേൽ സെക്ഷൻ 301 പ്രകാരം ട്രംപ് ഭരണകൂടം ഇരട്ട അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉൽപാദനം, കയറ്റുമതി, തൊഴിൽ എന്നിവയിൽ നീതിരഹിതമായ ഇടപെടലുകൾ ഈ രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയെല്ലാം അന്വേഷണ പരിധിയിലാണ്. യുഎസുമായി ഏകദേശ ധാരണയിലെത്തിയ ഉഭയകക്ഷി വ്യാപാരക്കരാറിൽ ഈമാസം ഇന്ത്യ ഒപ്പുവയ്ക്കേണ്ടതാണ്. എന്നാൽ, യുഎസ് വീണ്ടും അന്വേഷണ പ്രകോപനം തുടങ്ങിയതിനാൽ കരാർ ഒപ്പുവയ്ക്കുന്നതിൽനിന്ന് തൽക്കാലം ഇന്ത്യ വിട്ടുനിന്നേക്കുമെന്ന സൂചനകളുണ്ട്.

X
Top