
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുമേലും തീരുവയുദ്ധം പ്രഖ്യാപിച്ച് അവയെ യുഎസിന്റെ ആജ്ഞാനുവർത്തികളാക്കി മാറ്റാനുള്ള വാശിയിലാണ്.
താരിഫ് യുദ്ധത്തിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ‘ജയം’ ട്രംപിനു തന്നെ.
അദ്ദേഹം രണ്ടാമതും അമേരിക്കയുടെ പ്രസിഡന്റ് ആയി ചുമതലയേറ്റ ഈ ജനുവരിയിൽ ഇറക്കുമതി തീരുവയായി ഗവൺമെന്റ് നേടിയ വരുമാനം 9 ബില്യൻ ഡോളർ (ഏകദേശം 70,000 കോടി രൂപ) മാത്രമായിരുന്നു.
യുഎസ് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി ഹോവാഡ് ലുട്നിക്കിന്റെ അഭിപ്രായപ്രകാരം നിലവിൽ വരുമാനം 50 ബില്യൻ ഭേദിച്ചു; ഏകദേശം 4.4 ലക്ഷം കോടി രൂപ. സ്വപ്നതുല്യമായ കുതിപ്പ്.
ഇക്കഴിഞ്ഞ ഏപ്രിൽ മുതലാണ് ട്രംപ് പകരംതീരുവ അഥവാ റെസിപ്രോക്കൽ താരിഫ് പ്രഖ്യാപിച്ചത്.
പകരം തീരുവ പിന്നീട് 3 മാസത്തേക്ക് മരവിപ്പിച്ചെങ്കിലും അമേരിക്കയിലേക്കുള്ള എല്ലാ ഇറക്കുമതിക്കും 10% അടിസ്ഥാന തീരുവ ചുമത്തുന്നത് നിലനിർത്തി. ആ മാസം താരിഫ് വരുമാനം 17.4 ബില്യൻ ഡോളറിലെത്തി.
മേയിൽ 24 ബില്യൻ കടന്നു. ജൂണിൽ 28 ബില്യനും. ജൂലൈയിൽ 30 ബില്യൻ നേടിയെന്നാണ് കണക്കുകളെങ്കിലും 50 ബില്യൻ പിന്നിട്ടുവെന്നാണ് ഹോവാഡ് ലുട്നിക് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.
∙ ട്രംപ് റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50% തീരുവ ഈ മാസം പ്രാബല്യത്തിൽ വരികയേയുള്ളൂ.
∙ യുഎസ്-ചൈന വ്യാപാരചർച്ച വിജയിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്കുമേൽ 55% തീരുവ ഈയാഴ്ച പ്രാബല്യത്തിൽ വരും.
∙ അതായത്, യുഎസ് ഗവൺമെന്റിന്റെ തീരുവ വരുമാനത്തിൽ ഇനിയും കുതിച്ചുകയറ്റം പ്രതീക്ഷിക്കാം.
∙ റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ കൂടുതൽ താരിഫ് ചുമത്താൻ മടിക്കില്ലെന്ന് ട്രംപ് ഭീഷണിമുഴക്കിയിട്ടുണ്ട്.
∙ ബ്രസീലിന് ട്രംപ് 50% തീരുവ പ്രഖ്യാപിച്ചിരുന്നു. ബ്രസീലും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമാണ്. ഇതിന്റെ പേരിലും ബ്രസീലിനുമേൽ അധികതാരിഫ് ചുമത്താൻ ട്രംപ് തുനിഞ്ഞാൽ മൊത്തം താരിഫ് ബാധ്യത 50 ശതമാനത്തിന് മുകളിലാകും. യുഎസ് ഗവൺമെന്റിന് അതുവഴിയുള്ള വരുമാനവും കൂടും.