
ന്യൂയോർക്ക്: ഓരോ രാജ്യത്തിനും ഓരോ വസ്തുവിനും കനത്ത തീരുവ ചുമത്തുമ്പോൾ അത് പരസ്യമായി വിളിച്ചുപറയാറുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രഹസ്യമായി 50% തീരുവ കഴിഞ്ഞദിവസം ചുമത്തിയത് 400ലേറെ ഉൽപന്നങ്ങൾക്ക്. ഇവയിൽ ഒട്ടുമിക്കതുംതന്നെ ഇന്ത്യയിൽനിന്ന് യുഎസിൽ എത്തുന്നതുമാണ്.
ഫയർ എക്സ്റ്റിൻഗ്വിഷറുകൾ, മെഷീനറികൾ, കൺസ്ട്രക്ഷൻ ഉപകരണങ്ങൾ, കെമിക്കലുകൾ അടങ്ങിയ വസ്തുക്കൾ, അലുമിനിയമോ സ്റ്റീലോ അടങ്ങിയ വസ്തുക്കൾ എന്നിങ്ങനെ 407 ഉൽപന്നങ്ങൾക്കാണ് 50% തീരുവ ബാധകമാക്കിയത്. നേരത്തേ ട്രംപ് 50% തീരുവ സ്റ്റീലിനും അലുമിനിയത്തിനും പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഈ വസ്തുക്കൾക്ക് കൂടി ചുമത്താൻ ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് തീരുമാനിച്ചത്.
ട്രംപിന്റെ ആ ‘രഹസ്യനീക്കം’ ഏറ്റവുമധികം തിരിച്ചടിയാവുന്ന രാജ്യങ്ങളിലൊന്നായിരിക്കും ഇന്ത്യ. നിലവിൽ ട്രംപ് ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ചിട്ടുണ്ട്. പുറമെ മറ്റ് രാജ്യങ്ങൾക്കുമേൽ 10-41% തീരുവയും പ്രഖ്യാപിച്ചിരുന്നു. അതേസമയം സ്റ്റീലിനും അലുമിനിയത്തിനും ഇതിനെല്ലാം പുറമെയാണ് 50% തീരുവ.
അതായത്, ഏത് രാജ്യത്തുനിന്നും ഇവ യുഎസിൽ എത്തിയാൽ 50% തീരുവ ബാധകം. ഇതാണ് ഇപ്പോൾ 400ലേറെ ഉൽപന്നങ്ങൾക്കും ബാധകമാക്കിയത്.
ഇന്ത്യയ്ക്കുമേലുള്ള തീരുവ ട്രംപ് 50 ശതമാനത്തിൽ നിന്ന് കുറച്ചാലും 400ലേറെ വരുന്ന ഈ ഉൽപന്നങ്ങൾക്കും സ്റ്റീലിനും അലുമിനിയത്തിനുമുള്ള തീരുവ 50 ശതമാനമായിതന്നെ നിലനിൽക്കുമെന്നതാണ് തിരിച്ചടി.
വാഹന ഘടകങ്ങൾ, പ്ലാസ്റ്റിക്, ഫർണിചർ ഘടകങ്ങൾ എന്നിങ്ങനെ സ്റ്റീലിന്റെയോ അലുമിനിയത്തിന്റെയോ അംശമുള്ള വസ്തുക്കൾക്കെല്ലാം 50% തീരുവ ബാധകമാണ്.