
ബുസാന്‍: ചൈനയ്ക്ക് മേലുള്ള തീരുവ 57 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അപൂര്‍വ്വ ഭൗമ ധാതുവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സമവായം സാധ്യമായതായും ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു പ്രതികരണം.
ഷിയുമായുള്ള കൂടിക്കാഴ്ച ‘ അത്ഭുതകരമായിരുന്നുവെന്ന്’ പറഞ്ഞ ട്രംപ് ഷിയെ മഹാനായ നേതാവെന്നും വിശേഷിപ്പിച്ചു. ധാരാളം തീരുമാനങ്ങളെടുത്തെന്നും വ്യാപാര സഹകരണം മെച്ചപ്പെടുത്താന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൗമധാതുക്കള്‍ വിതരണം ചെയ്യാന്‍ ചൈന തയ്യാറാകും. കൂടാതെ അവര്‍ യുഎസ് സോയാബിന്‍ വാങ്ങും.
വ്യാപാര ചര്‍ച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ 155 ശതമാനം തീരുവ ചുമത്താന്‍ തയ്യാറാകുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. അപൂര്‍വ്വ ഭൗമ ധാതു കയറ്റുമതി തടഞ്ഞ നടപടിയാണ് ചൈനയ്‌ക്കെതിരെ തിരിയാന്‍ യുഎസിനെ പ്രേരിപ്പിച്ചത്. ആഗോള അപൂര്‍വ്വ മൂലക ഡിമാന്റിന്റെ 90 ശതമാനത്തിലധികം നിവര്‍ത്തിക്കുന്നത് ചൈനയാണ്.
ഇലക്ട്രിക്ക് കാറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമാണ് ഈ ധാതുക്കള്‍.






