
- ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കുമേൽ 25% കൂടി പിഴച്ചുങ്കമായി ചുമത്തുമെന്ന് പുതിയ വെല്ലുവിളി
വാഷിംഗ്‌ടൺ: റഷ്യൻ എണ്ണ ഇറക്കുമതിയുടേ പേരിൽ ഇന്ത്യയ്ക്കുമേൽ 25% പിഴച്ചുങ്കം ചുമത്തിയ മാതൃക ഇറാൻ വിഷയത്തിലും പയറ്റാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് 25% തീരുവയും 25% പിഴത്തീരുവയും ചേർത്ത് നിലവിൽ 50% തീരുവയാണ് യുഎസ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇറാനുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കുമേൽ 25% കൂടി പിഴച്ചുങ്കമായി ചുമത്തുമെന്നാണ് ട്രംപിന്റെ പുതിയ വെല്ലുവിളി.
ഇതു പ്രധാനമായും ബാധിക്കുക ഇന്ത്യ, ചൈന, യുഎഇ, തുർക്കി എന്നിവയെയായിരിക്കും. ഇന്ത്യയ്ക്ക് ഈ വെല്ലുവിളി വലിയ പ്രതിസന്ധി തന്നെ സൃഷ്ടിക്കും. ഇറാനിയൻ എണ്ണയ്ക്ക് ഉപരോധമുള്ളതിനാൽ ഇന്ത്യ ഏറെക്കാലമായി അതു വാങ്ങുന്നില്ല. എന്നാൽ എണ്ണഇതര ഉഭയകക്ഷി വ്യാപാരം ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോഴും ശക്തമാണ്.
പതിറ്റാണ്ടുകളായി ഇന്ത്യയും ഇറാനും സജീവ വ്യാപാര പങ്കാളികളാണ്. 1950ൽ ഒപ്പുവച്ച ഇന്ത്യ-ഇറാൻ സൗഹൃദക്കരാറിന്റെ 75-ാം വാർഷികവുമാണ് നിലവിൽ നടക്കുന്നതും. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നുമാണ് ഇപ്പോൾ ഇന്ത്യ.
ഇറാനിൽ നിന്ന് ഡ്രൈഫ്രൂട്സ്, കെമിക്കലുകൾ തുടങ്ങിയവയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. തിരികെ ഇന്ത്യ അരി (പ്രത്യേകിച്ച് ബസ്മതി അരി), തേയില, പഞ്ചസാര, മരുന്നുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ആഭരണങ്ങൾ, ചണം തുടങ്ങിയവ കയറ്റുമതി ചെയ്യുന്നു.
ഇന്ത്യൻ അരിയുടെ പ്രധാന വിപണികളിലൊന്നാണ് ഇറാൻ. അമേരിക്കൻ ഉപരോധം, കറൻസിയായ റിയാലിന്റെ തകർച്ച, പിടിവിട്ടുയർന്ന പണപ്പെരുപ്പം എന്നിവമൂലം കടുത്ത സാമ്പത്തികഞെരുക്കത്തിലായ ഇറാൻ ഇന്ത്യയിൽ നിന്നുള്ള 2,000 കോടിയിലേറെ രൂപമതിക്കുന്ന ബസ്മതി അരി വാങ്ങാൻ മടിക്കുന്നെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു.
ഇറാനുമായി വ്യാപാരബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25% തീരുവ പ്രാബല്യത്തിൽ വന്നുവെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലെത്തുന്ന ഉൽപന്നങ്ങൾക്കാണ് അധികമായി 25% തീരുവ ചുമത്തുക. അങ്ങനെയെങ്കിൽ ഇന്ത്യയ്ക്കുമേലുള്ള മൊത്തം തീരുവ 50ൽ നിന്ന് 75 ശതമാനമാകും. ചൈനയ്ക്ക് നിലവിൽ 20 ശതമാനമാണ് തീരുവ. ഇത് 45 ശതമാനമാകും.
ഇപ്പോൾതന്നെ സാമ്പത്തികമായി നട്ടംതിരിയുന്ന ഇറാന് ഇത് കനത്ത അടിയാണ്. ഉപരോധമുള്ളതിനാൽ പലരാജ്യങ്ങളും ഇറാനുമായി വ്യാപാരത്തിന് മടിക്കുമ്പോഴാണ് ട്രംപിന്റെ അടുത്ത പ്രഹരം.
അതേസമയം, ഇന്ത്യയ്ക്ക് ഇറാനിലെ ചബഹാറിൽ തുറമുഖ പദ്ധതിയുണ്ട്. വൻ നിക്ഷേപത്തോടെ ഇന്ത്യ സജ്ജമായ ഈ തുറമുഖത്തിനും അടുത്തിടെ ട്രംപ് ഉപരോധം ബാധകമാക്കിയെങ്കിലും പിന്നീട് താൽക്കാലികമായി ഇളവ് അനുവദിച്ചിരുന്നു.
നിലവിലെ സാഹചര്യത്തിൽ ചബഹാറിനുമേൽ ട്രംപ് വീണ്ടും ഉപരോധം ബാധകമാക്കിയാൽ ഇന്ത്യയ്ക്ക് അതുവലിയ തിരിച്ചടിയാകും.
പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാൻ, തുർക്ക്മെനിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, റഷ്യ, റഷ്യ വഴി യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാപാരത്തിനായി കടക്കാനുള്ള ഇന്ത്യയുടെ തുറുപ്പുചീട്ടാണ് ചബഹാർ.






