
കടം വാങ്ങിയ തുക തിരിച്ചുകൊടുക്കാത്തതിനെ തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിന് ‘തൽക്കാലം’ ആശ്വാസം. പാപ്പരത്ത നടപടികളുടെ ഭാഗമായി ബൈജൂസിന്റെ ആസ്തികൾ ലേലം ചെയ്യുന്നത് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അടുത്തവാദം കേൾക്കുന്ന ഓഗസ്റ്റ് 31 വരെ മരവിപ്പിച്ചു. മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച എഡ്യുടെക് കമ്പനിയാണ് ബൈജൂസ്. ഈ കമ്പനിയുടെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേണിന്റെ സ്വത്ത് ലേലം ചെയ്യുന്നതിനാണ് താൽക്കാലിക സ്റ്റേ.
യുഎസ് വായ്പാദാതാക്കളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ബൈജൂസ് പാപ്പരത്ത നടപടികളിൽ അകപ്പെട്ടത്. 11,433 കോടി രൂപ ആവശ്യപ്പെട്ടാണ് യുഎസ് കമ്പനികളുടെ കേസ്.
എന്നാൽ ഈ തുക ശരിയാണോയെന്ന് കൃത്യമായി പരിശോധിക്കാതെ ലേല നടപടികളെടുക്കുന്നത് ശരിയല്ലെന്നും നിർത്തിവയ്ക്കണമെന്നും ബൈജൂസ് ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാണ് സ്റ്റേ. എന്നാൽ, ലേലം മാത്രമാണ് സ്റ്റേ ചെയ്യുന്നതെന്നും പാപ്പരത്ത നടപടി റദ്ദാക്കില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. സ്വത്തുക്കളുടെ ലേല നടപടികൾ നിയന്ത്രിക്കുന്ന റസല്യൂഷൻ പ്രൊഫഷണലിനോടാണ് (ആർപി) ലേലം തൽക്കാലം നിർത്തിവയ്ക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചത്.
ബൈജു രവീന്ദ്രൻ, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരാണ് കോടതിയിൽ ‘തടസ്സ’ ഹർജി നൽകിയത്. ബൈജൂസിന്റെ വാദം കേൾക്കുമെന്ന് ട്രൈബ്യൂണൽ പറഞ്ഞു. ബൈജൂസ് ഇന്ത്യയ്ക്ക് പുറമേ യുഎസ്, സിംഗപ്പൂർ എന്നിവിടങ്ങളിലും കോടതി നടപടികൾ നേരിടുകയാണ്.
ഖത്തർ കമ്പനി നൽകിയ കേസിൽ സിംഗപ്പൂർ കോടതി ബൈജു രവീന്ദ്രന് 6 മാസം തടവും 70,000 ഡോളർ (ഏകദേശം 68 ലക്ഷം രൂപ) പിഴയും വിധിച്ചിരുന്നു. എന്നാൽ, ഇതു പിന്നീട് കോടതി സ്റ്റേ ചെയ്തു.






