
ന്യൂഡല്‍ഹി: യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ മാറ്റിവച്ചു. ഓഗസ്റ്റ് 25 ന് യുഎസ് സംഘം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് തീരുമാനം. ഇതിനോടകം ഇരു രാജ്യങ്ങളും അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. രാഷ്ട്രീയമായി പ്രത്യാഘാതമുണ്ടാക്കുന്ന കാര്‍ഷിക, പാല്‍ മേഖലകള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കായി തുറന്നുതരണമെന്നാണ് യുഎസിന്റെ പ്രധാന ആവശ്യം.
എന്നാല്‍ കര്‍ഷകരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് ഒരുക്കമല്ല.
കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടേയും താല്‍പര്യങ്ങളെ ഹനിക്കുന്ന നീക്കങ്ങളുണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ഉഭയകക്ഷി ചര്‍ച്ചകളുടെ ആദ്യ ഭാഗം സെപ്തംബര്‍-ഒക്ടോബറില്‍ പൂര്‍ത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിച്ചിരുന്നത്. ഇതുവഴി ഉഭയകക്ഷി വ്യാപാരം 2030 ഓടെ 500 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്താനും ലക്ഷ്യമിട്ടു.
നിലവില്‍ ഇത് 191 ബില്യണ്‍ ഡോളറാണ്. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയ 25 ശതമാനം താരിഫ് ഓഗസ്റ്റ് 7 ന് പ്രാബല്യത്തില്‍ വന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം അധിക താരിഫ് ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ചര്‍ച്ചകള്‍ നീട്ടുന്നത്.
നേരത്തെ റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്താതെ ഇന്ത്യയുമായി ചര്‍ച്ചയ്ക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.