
ന്യൂഡൽഹി: ബംഗ്ലാദേശിന് യുഎസ് അനുവദിച്ചതിന് സമാനമായി തുണിത്തര-ബന്ധിത വ്യാപാര ആനുകൂല്യങ്ങൾ ഇന്ത്യയ്ക്കും ലഭിച്ചേക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ. അന്തിമക്കരാർ ഒപ്പിട്ടുകഴിഞ്ഞാൽ യുഎസിൽ നിന്നുള്ള പരുത്തി ഉപയോഗിച്ച് നിർമ്മിച്ച വസ്ത്രങ്ങൾക്കുള്ള ഇന്ത്യൻ തുണിത്തരങ്ങൾക്കുള്ള ഇറക്കുമതി തീരുവ യുഎസ് പൂജ്യമാക്കുമെന്ന് ഗോയൽ വ്യാഴാഴ്ച സൂചിപ്പിച്ചു. യുഎസ്-ബംഗ്ലാദേശ് വ്യാപാരക്കരാർ വന്നതിനുശേഷം നിലനിന്നിരുന്ന ആശങ്കകൾക്ക് ഇതോടെ അയവുണ്ടാകും.
ട്രംപിന് മുന്നിൽ ഇന്ത്യ പാടെ കീഴടങ്ങിയതാണ് ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രതിഫലിപ്പിക്കുന്നതെന്ന് ലോക്സഭ പ്രതിപക്ഷനേതാവ് പറഞ്ഞതിനെ തുടർന്നുള്ള രാഷ്ട്രീയ സംവാദങ്ങൾക്കിടയിലാണ് ഗോയലിന്റെ വിശദീകരണം വരുന്നത്. ബംഗ്ലാദേശിന് ഇന്ത്യയേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ലഭിച്ചുവെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ മറ്റൊരു നുണ കൂടി പറഞ്ഞതായി ഗോയൽ കുറ്റപ്പെടുത്തി. “ബംഗ്ലാദേശിന് ലഭിക്കുന്നതുപോലെ, യുഎസിൽനിന്ന് അസംസ്കൃത വസ്തുക്കൾ വാങ്ങുകയും അത് സംസ്കരിച്ച് തുണിത്തരങ്ങളാക്കി കയറ്റി അയയ്ക്കുകയും ചെയ്യുന്നപക്ഷം പരസ്പരമുള്ള തീരുവ പൂജ്യമാകും. ഇന്ത്യയ്ക്കും സമാനമായ സൗകര്യം ലഭിക്കും, ഗോയൽ പറഞ്ഞു.
കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാരക്കരാർ ചട്ടക്കൂടിൽ ഈ വ്യവസ്ഥയില്ലായിരിക്കാം, എന്നാൽ ഇത് അന്തിമ കരാറിൽ ഉൾപ്പെടുത്തുമെന്നും ഗോയൽ പറഞ്ഞു. ഏറ്റവും പുതിയ കരാർ പ്രകാരം യുഎസ് എക്സ്ട്രാ ലോങ് സ്റ്റേപ്പിൾ പരുത്തിയുടെ ഇറക്കുമതിയ്ക്ക് ഇന്ത്യ ഇതിനകം തീരുവ ഇളവുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, ബംഗ്ലാദേശിനെപ്പോലെ, യുഎസ് പരുത്തി ഉപയോഗിച്ച് നിർമ്മിച്ച പൂർത്തിയായ വസ്ത്രങ്ങൾക്ക് ഇന്ത്യയ്ക്ക് പൂജ്യം തീരുവ അനുവദിക്കുന്ന കാര്യം യുഎസ് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയ്ക്ക് യുഎസുമായി അത്തരം ഒരു കരാറിൽ എത്തിച്ചേരാൻ സാധിച്ചാൽഇന്ത്യയുടെ തൊഴിൽ-അധിഷ്ഠിത തുണിത്തര മേഖലയ്ക്ക് വലിയ ആശ്വാസമാകും. ഇന്ത്യയുടെ തുണിത്തര കയറ്റുമതിക്ക് യുഎസ് പ്രധാന വിപണിയാണ്. രാജ്യത്തിന്റെ മൊത്തം തുണിത്തര, വസ്ത്ര കയറ്റുമതിയുടെ 30 ശതമാനം യുഎസിലേക്കാണ്.
നിലവിൽ, ബംഗ്ലാദേശിന്റെ ഏറ്റവും വലിയ പരുത്തി ഇറക്കുമതിക്കാരിൽ ഇന്ത്യ ഉൾപ്പെടുന്നു. യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി, ബംഗ്ലാദേശ് യുഎസിൽ നിന്നുള്ള പരുത്തിയിലേക്ക് തിരിയാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ പരുത്തി വ്യാപാരികളിൽ സമ്മർദ്ദം ചെലുത്തും.
ഇന്ത്യയ്ക്ക് ട്രംപ് ഭരണകൂടത്തിൽ നിന്ന് ബംഗ്ലാദേശിനെപ്പോലെ ഒരു ഇളവ് നേടാൻ കഴിഞ്ഞാൽ, അത് ആഭ്യന്തര തുണിത്തര വ്യവസായത്തിലെ ആശങ്കകൾ ലഘൂകരിക്കുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നത്. എന്നാൽ പരുത്തി കർഷകർക്ക് ഇതിലൂടെ പ്രയോജനം ഉണ്ടാകില്ലെന്നാണ് കരുതുന്നത്.
മാർച്ച് മധ്യത്തോടെ ഔദ്യോഗിക കരാർ ഒപ്പിടുന്നതിന് മുമ്പ് ട്രംപിൽ നിന്ന് കൂടുതൽ വ്യാപാര ഇളവുകൾ ലഭിക്കുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.






